വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയിൽ
അമ്പലപ്പുഴ : വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. 50 ഓളം പേരിൽ നിന്നായി 3 ലക്ഷത്തോളം രൂപ തട്ടിയ ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ തറയിൽ വീട്ടിൽ രാഹുലിനെയാണ് (30) അമ്പലപ്പുഴ സി.ഐ എസ്.ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഗൾഫ് രാജ്യങ്ങളിൽ വിവിധ ജോലികളുടെ ഒഴിവുണ്ടെന്ന് കാട്ടി രാഹുൽ തന്റെ ജീവനക്കാരനെ കൊണ്ട് ആളുകളെ വിളിപ്പിക്കുകയും, ഫേസ് ബുക്കിലൂടെ പരസ്യം ചെയ്യുകയും ചെയ്തിതിരുന്നു. തോട്ടപ്പള്ളിയിലുള്ള ട്രാവൻകൂർ ട്രാവൽസ് എന്ന സ്ഥാപനത്തിൽ മെഡിക്കൽ എടുക്കുവാനുള്ള രേഖകളുമായി വരാൻ ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെടുകയും അവിടെ വച്ച് ആളൊന്നിന് 6000 രൂപ വീതം ഈടാക്കുകയും ചെയ്തു. പിന്നീട് ജോലി സംബന്ധിച്ച് യാതൊരു അറിയിപ്പും അപേക്ഷകർക്ക് ലഭിക്കാതിരുന്നതിനെ തുടർന്ന് മലപ്പുറം,വെണ്ടൂർ സ്വദേശികൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, മൂന്നാഴ്ച കാലയളവിൽ 50ഓളം ആളുകളിൽ നിന്നും 3 ലക്ഷത്തോളം രൂപ പിരിച്ചെടുത്തതായി കണ്ടെത്തി. സ്ഥാപനത്തിന് മതിയായ രജിസ്ട്രേഷൻ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ റിമാൻഡ് ചെയ്തു. എസ്.ഐ.ഗിരീഷ് കുമാർ, സി.പി.ഒമാരായ ബിബിൻ ദാസ്, ജോസഫ് ജോയ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.