കുട്ടനാടിന്റെ സൗന്ദര്യം വരികളായി ഒഴുകി, ഒടുവിൽ വിലാപമായി

Thursday 05 January 2023 12:26 AM IST
ബീയാർ പ്രസാദ്

ആലപ്പുഴ: കുട്ടനാടിന്റെ സൗന്ദര്യം നൈർമല്യം നിറഞ്ഞ വരികളിലൂടെ ലക്ഷക്കണക്കിന് ആസ്വാദക ഹൃദയങ്ങളിൽ എന്നും ഓർമ്മപ്പെടുത്തുന്ന വരികളാണ് 'കേരനിരകളാടും ഒരു ഹരിത ചാരുതീരം'. അതിലൂടെ മലയാളികളുടെ മനസിൽ നിന്ന് ഒരിക്കലും മായാത്ത ഗാനരചയിതാവായി ബീയാർ പ്രസാദും മാറി. മലയാള നാടിനെക്കുറിച്ച് ഓർക്കുമ്പോൾ പലരുടെയും നാവിൽ തത്തിക്കളിക്കുന്നത് ഈ മനോഹര ഗാനമാണ്.

കുട്ടനാടിന്റെ തനത് സംസ്‌ക്കാരമാണ് എന്നും ബീയാറിന് പറയാനുണ്ടായിരുന്നത്. അത് കവിതകളായും പാട്ടുകളായും നാടകങ്ങളായും പിറന്നു. പിറന്ന മണ്ണിനെ ഇത്രയധികം സ്‌നേഹിച്ച ഒരു മനഷ്യനെ അടുത്തകാലത്തെങ്ങും കാണാനായില്ലെന്ന് സഹപ്രവർത്തകരുടെ ഓർമ്മകളിൽ നിന്ന് വായിച്ചെടുക്കാം. എത്ര ദൂരം പോയാലും സായംസന്ധ്യയിൽ വീട്ടിൽ മടങ്ങിയെത്താൻ വെമ്പൽ കൊള്ളുന്ന കഥാനായകനായിരുന്നു ബീയാർ പ്രസാദ്. മങ്കൊമ്പിലെ വീട് സാഹിത്യത്തിന്റെയും പാട്ടിന്റെയും വലിയൊരു ലോകമായിരുന്നു. ബീയാറിന്റെ ശബ്‌ദത്തിൽ കവിതകളും വാക്കുകളും കേൾക്കാൻ തടിച്ചു കൂടുന്ന വലിയൊരു ആസ്വാദക ലോകം. അവിടെ മുഴങ്ങിയിരുന്നത് കുട്ടനാൻ കാഴ്ചകളുടെയും നാടൻ പാട്ടുകളുടെയും പ്രകമ്പനമായിരുന്നു.

എന്നും സ്വന്തം മണ്ണിന്റെ നിലനിൽപ്പിനായി പോരടിച്ചവൻ. ചെളിയുടെയും തനത് കാറ്റിന്റെയും ഗന്ധം വഴിമാറിയെന്ന് ഓർമ്മപ്പെടുത്തി വിലപിക്കുന്ന പ്രസാദിനെയാണ് അടുത്ത കാലത്ത് കാണാൻ കഴിഞ്ഞത്. കുട്ടനാടിന്റെ മാറ്റങ്ങളാണ് ആ മനസിനെ വേദനിപ്പിച്ചത്. 'കേരളകൗമുദിയും ആലപ്പുഴയും' എന്ന പുസ്‌തകത്തിലേക്ക് തയ്യാറാക്കിയ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. 'കേരനിര നിറഞ്ഞ കുട്ടനാട്ടിലെ വിലാപങ്ങൾ'. കേരനിരകളാടും ഒരു ഹരിത ചാരുതീരം.... എന്നെഴുതിയ കവിക്കാണ് വർഷങ്ങൾക്ക് ശേഷം സ്വന്തം നാടിനെക്കുറിച്ചോർത്ത് വിലപിക്കേണ്ടി വന്നതും. അക്കാര്യത്തിൽ വളരെയധികം അസ്വസ്ഥനുമായിരുന്നു അദ്ദേഹം. ലേഖനത്തിന്റെ തുടക്കത്തിൽ ഇങ്ങനെ പറയുന്നു ' ഈ നാടു വിട്ടുപോകാത്തവൻ രക്ഷപ്പെടില്ലെന്നാണ് ഇപ്പോൾ കുട്ടനാട്ടിലെ അടക്കംപറച്ചിൽ. ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. ആൾത്താമസമില്ലാതെ കിടക്കുന്ന എത്രയെത്ര വീടുകൾ. എത്രയോ വലിയ നാലുകെട്ടുകൾ. പറമ്പിലേക്ക് നടന്നുകയറാനാവാത്ത വിധം മുട്ടറ്റം ചെളിയിൽ താഴ്ന്ന പ്രദേശങ്ങൾ. കൃഷിയും, പറമ്പും, വീടും വേണ്ട എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് കരുതുന്ന നിരവധിയാളുകളുടെ സ്ഥലം. മണ്ണിനെ സ്‌നേഹിച്ചും ഭൂപ്രകൃതിയെ ഇഷ്ടപ്പെട്ടും വിപരീത സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഇമ്മ്യൂണിറ്റി പവർ നേടിയെടുത്തും കുറച്ചാളുകൾ അവിടെ തന്നെ കഴിയുന്നു'. കുട്ടനാടൻ സാഹചര്യങ്ങൾക്കല്ലാത്ത വികസന പ്രവർത്തനങ്ങൾ ഒരു നാടിനെ തകർത്തു കളഞ്ഞുവെന്നാണ് ബീയാർ പറഞ്ഞു വച്ചത്. അത്രയ്‌ക്ക് കുട്ടനാടിനെ സ്‌നേഹിച്ച കവിയുടെ വിടവാങ്ങലും ഒരു നൊമ്പരക്കാറ്റാണ്.

Advertisement
Advertisement