അസംഖാന്റെ ഹർജി സുപ്രീം കോടതി തള്ളി

Wednesday 04 January 2023 11:38 PM IST

ന്യൂഡൽഹി: നീതിയുക്തമായ വിചാരണയ്‌ക്കായി തന്റെ കേസുകൾ ഉത്തർ പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എസ്. അബ്ദുൾ നസീർ, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മുഖേന സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

കോടതിയിൽ അധിക തെളിവുകൾ ഹാജരാക്കാനായി താൻ നൽകിയ ഹർജിയിൽ തീർപ്പുകൽപ്പിക്കാത്തത് മൂലം തനിക്ക് രാംപൂർ സീറ്റ് നഷ്ടപ്പെടാൻ കാരണമായതായി ഹർജിയിൽ അസംഖാൻ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ സംസ്ഥാനത്ത് നൂറുകണക്കിന് കേസുകൾ ചാർജ്ജ് ചെയ്യുകയാണ്. തന്റെ എതിർപ്പുകൾ പരിഗണിക്കാതെ വിചാരണ കോടതി കേസുമായി മുന്നോട്ട് പോകുകയാണെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ഇതൊന്നും കേസുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള കാരണങ്ങളല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതികളുടെ ഏതെങ്കിലും ഉത്തരവിൽ ഹർജിക്കാരന് എതിർപ്പുണ്ടെങ്കിൽ അത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാം. നിങ്ങൾക്ക് അലഹബാദ് ഹൈക്കോടതിയെയും സമീപിക്കാം. സംസ്ഥാനത്തൊരിടത്തും നിങ്ങളുടെ അപക്ഷ കേൾക്കില്ലെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.