ബിപ്ലവിന്റെ വീടിനു മുന്നിൽ ആക്രമണം

Thursday 05 January 2023 12:40 AM IST

അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിന്റെ തറവാട് വീടിന് മുന്നിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. ബി.ജെ.പി - സി.പി.എം അനുഭാവികളാണ് ഏറ്റുമുട്ടിയതെന്ന് പ്രാഥമികാന്വേണത്തിൽ കണ്ടെത്തി. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി ഉദയ്‌പൂർ സബ് ഡിവിഷണൽ പൊലീസ് ഉദ്യോഗസ്ഥൻ നിരുപം ദത്ത പറഞ്ഞു. അതേസമയം സി.പി.എം അക്രമികൾ ബി.ജെ.പി അനുഭാവികളെ ആക്രമിച്ചെന്നാരോപിച്ച് കേസും രജിസ്റ്രർ ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഒരാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.ഡി.പി.ഒ അറിയിച്ചു.

ദേബിന്റെ പിതാവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ജംജൂരിയിലുള്ള തറവാട്ടുവീട്ടിൽ നാലു ദിവസത്തെ പൂജ ഇന്നലെ തുടങ്ങാനിരിക്കെയാണ് ആക്രമണമുണ്ടായത്. സംഘട്ടനത്തിനിടെ ദേബിന്റെ അതിഥിയുടെ വാഹനം സി.പി.എം അനുഭാവികൾ കത്തിച്ചു. രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. രോഷാകുലരായ ബി.ജെ.പി പ്രവർത്തകർ സി.പി.എം പ്രവർത്തകരുടെ നാല് കടകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ സേന സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.