ഡ​ൽ​ഹി​യി​ൽ​ ​യു​വ​തിയുടെ അപകടമരണം: സുഹൃത്തിന് പരിക്കേൽക്കാത്തതിൽ ദുരൂഹത

Thursday 05 January 2023 12:42 AM IST

ന്യൂഡൽഹി: ഡൽഹിയിൽ കാറിടിച്ച് യുവതി കൊല്ലപ്പെട്ട കേസിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടതിൽ ദുരൂഹത. കൊല്ലപ്പെട്ട അഞ്ജലിയെ കാറിടിച്ചപ്പോൾ താൻ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് സുഹൃത്ത് നിധി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പുലർച്ചെ 1.32ന് നിധിയെ അഞ്ജലി വീട്ടിൽ കൊണ്ടു വിട്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. എന്നാൽ കാർ സ്കൂട്ടറിൽ ഇടിക്കുമ്പോൾ താൻ അഞ്ജലിക്കൊപ്പമുണ്ടായിരുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം നിധി പറഞ്ഞത്. വലിയ അപകടം നടന്നിട്ടും നിധിക്ക് പരിക്കേൽക്കാതിരുന്നതിനാൽ മൊഴി വ്യാജമാണെന്ന് വ്യക്തമായി. ഇതേത്തുടർന്ന് നിധിയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.

അഞ്ജലി ഹോട്ടലിൽ നിന്ന് മദ്യപിച്ചിരുന്നതായി നിധി പൊലീസിനോട് പറഞ്ഞു. എന്നാൽ നിധിയും മദ്യപിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും തമ്മിൽ വാക്കേറ്റം നടത്തിയതിനെ തുടർന്ന് ഹോട്ടൽ അധികൃതർ ഇറക്കി വിട്ടതായി മാനേജർ വ്യക്തമാക്കിയിരുന്നു. പുറത്തിറങ്ങിയ ശേഷവും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സ്കൂട്ടർ ആരോടിക്കണമെന്നത് സംബന്ധിച്ചായിരുന്നു തർക്കം. അഞ്ജലി മദ്യപിച്ചുവെന്ന നിധിയുടെ മൊഴി അഞ്ജലിയുടെ കുടുംബം നിഷേധിച്ചു. അഞ്ജലിയെ ഇതുവരെ മദ്യപിച്ചതായി കണ്ടിട്ടില്ലെന്ന് അമ്മ രേഖ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇതിന്റെ സൂചന പോലുമില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. ഡൽഹി പൊലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും രേഖ പറഞ്ഞു.

 തലച്ചോർ വേർപെട്ട് കാണാതായി

അഞ്ജലിയുടെ മൃതദേഹത്തിൽ നിന്ന് തലച്ചോർ വേർപെട്ട നിലയിലാണ്. തലച്ചോർ നിലത്ത് ഉരഞ്ഞ് വേർപെട്ട് കാണാതാകുകയായിരുന്നു. നട്ടെല്ല് തകർന്ന നിലയിലുമാണ്. ശരീരത്തിലുടനീളം 40 മാരകമായ മുറിവുകളുണ്ട്. ശരീരത്തിന്റെ പിന്നിലെ ത്വക് പൂർണമായും കാണാതായി. കാലുകൾക്കും ഗുരുതരമായി പരുക്കേറ്റു. കാറിന്റെ ആക്സിലിൽ യുവതിയുടെ കാലുകളാണ് ആദ്യം കുടുങ്ങിയത്. തല ഇടത് ടയറിന്റെ ഭാഗത്തായിരുന്നു.

അഞ്ജലിയുടെ കുടുംബത്തെ നിർഭയയുടെ അമ്മ ആശാദേവി സന്ദർശിച്ചു. അഞ്ജലിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾക്ക് ജോലി നൽകണം. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുടുംബത്തെ സന്ദർശിച്ചു. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും അദ്ദേഹം അറിയിച്ചു.