ജയിലിലിരുന്ന് അവർ പഠിച്ചു; അലുമിനിയം ഫാബ്രിക്കേഷൻ

Thursday 05 January 2023 12:24 AM IST

  • 22 തടവുകാർക്ക് ഇന്ന് സർട്ടിഫിക്കറ്റ്

തൃശൂർ: വിയ്യൂർ ജയിലിൽ കഴിവേ 80 മണിക്കൂർ അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സ് പൂർത്തിയാക്കിയ 22 പേർ ഇന്ന് വ്യാഴം സർട്ടിഫിക്കറ്റ് സ്വന്തമാക്കും. രാവിലെ പത്തിന് എം.ടി.ഐ പ്രിൻസിപ്പൽ മിനിമോൾ സർട്ടിഫിക്കറ്റ് വതരണം ചെയ്യും. മദ്ധ്യമേഖലാ ജയിൽ ഡി.ഐ.ജി: അജയകുമാർ അദ്ധ്യക്ഷനാകും. മുഖ്യപരിശീലകൻ ടി.കെ. ഹരിദാസിന് ജയിലിലെ പഠിതാക്കൾ ഗുരുദക്ഷിണയായി സ്‌നേഹോപഹാരം നൽകും.

തടവുകാരെ കുറ്റകൃത്യങ്ങളിൽ നിന്നുമകറ്റാൻ ലക്ഷ്യമിട്ടുള്ള നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായാണ് വിയ്യൂർ ജില്ലാ ജയിലിൽ കോഴ്‌സ് സംഘടിപ്പിച്ചത്.

തൃശൂർ മഹാരാജാസ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. 2022- 23 വർഷത്തിലെ തടവുകാരുടെ ക്ഷേമം പദ്ധതിയിൽ ഉൾപ്പെടുത്തി 1.5 ലക്ഷമാണ് പരിശീലനത്തിന് ചെലവിട്ടത്.

അതിനേക്കാൾ മൂല്യമുള്ള വസ്തുക്കളുണ്ടാക്കി പഠിതാക്കൾ ജയിലിന് നൽകി. പ്രസംഗപീഠം, സ്റ്റോറേജ് ഷെൽഫുകൾ, ഫയൽറാക്കുകൾ, ടെലിഫോൺ സ്റ്റാൻഡ്, അലമാര എന്നിവ കൂടാതെ ജയിലിലെ എല്ലാ ശുചി മുറികളുടേയും വാതിലുകളും അവർ പുനസ്ഥാപിച്ചു. റിപ്പയറിംഗിന് ഉപകരിക്കുന്ന ഏതാണ്ട് 20,000 രൂപയുടെ ഉപകരണങ്ങളും പരിശീലത്തിലൂടെ ജയിലിന് സ്വന്തമായി.