പണച്ചെലവില്ലാതെ വീട്ടിൽ കുടിവെള്ളം; ഫലപ്രാപ്തിയിലേക്ക് ജലജീവൻ മിഷൻ

Thursday 05 January 2023 12:41 AM IST

  • ജില്ലയിൽ ഇതുവരെ നൽകിയത് 276,995 കണക്‌ഷനുകൾ

തൃശൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ 90 ശതമാനം സബ്‌സിഡിയോടെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്‌ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് ആശ്വാസമാകുന്നു. നാലായിരം കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് ജില്ലയിൽ മാത്രം ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

2024 ഓടെ അപേക്ഷിച്ച എല്ലാവർക്കും പൈപ്പ് കണക്‌ഷൻ വഴി കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ജില്ലയിൽ അരലക്ഷത്തിലധികം പേർക്ക് കണക്‌ഷൻ നൽകാനുള്ള ശ്രമത്തിലാണ് കേരള ജല അതോറിറ്റി അധികൃതർ. ഇതുവരെ 30000ലേറെ പേർക്ക് ഈ വർഷം കണക്‌ഷൻ നൽകിക്കഴിഞ്ഞു.

ഭൂരിഭാഗം പഞ്ചായത്തുകളും ഗുണഭോക്തൃവിഹിതം വാങ്ങാതെയാണ് കണക്‌ഷൻ നൽകുന്നത്. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെയാണ് കണക്‌ഷൻ നൽകുന്നത്. നിലവിൽ ജല അതോറിറ്റിയിൽ നിന്നും പുതിയ വാട്ടർ കണക്‌ഷൻ എടുക്കുന്നതിന് 7500 മുതൽ 25,000 രൂപയും അതിനു മുകളിലും പല പ്ലംബർമാരും അനധികൃതരായ ചില ഏജന്റുമാരും ഈടാക്കുന്നുണ്ട്. ജലജീവൻ മിഷൻ പദ്ധതിയിലൂടെ പണച്ചെലവില്ലാതെ വീട്ടിൽ കുടിവെള്ള കണക്‌ഷൻ ലഭിക്കുമെന്നതാണ് പദ്ധതിയുടെ ഗുണം.

90% സബ്‌സിഡി

പഞ്ചായത്തുകളിൽ 90% സബ്‌സിഡിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൊത്തം ചെലവിന്റെ 45% കേന്ദ്രസർക്കാരും 30% സംസ്ഥാന സർക്കാരും 15% തദ്ദേശസ്വയംഭരണ സ്ഥാപനവും നൽകും. ബാക്കി 10 ശതമാനം മാത്രം ഗുണഭോക്താക്കൾ വഹിച്ചാൽ മതി.

ജലജീവൻ മിഷൻ പദ്ധതി

  • കണക്‌ഷൻ നൽകാനുള്ളത് - 6,08,250
  • നിലവിലുള്ള കണക്‌ഷൻ - 276,995
  • ഇനി നൽകാനുള്ളത് - 3,31,255
  • ഭരണാനുതി ലഭിച്ച തുക - 380967.87 (ലക്ഷം)
  • 2020- 21 വർഷത്തിൽ നൽകിയത് - 19,131
  • 2021- 22ൽ നൽകിയത് - 48,721
  • 2022- 23 ഇതുവരെ - 30,514

നൂറുശതമാനം പൂർത്തിയാക്കിയത് മൂന്നു പഞ്ചായത്തുകൾ

അനുവദിച്ച തുക പൂർണമായും ചെലവഴിച്ച് പരാമാവധി പേർക്ക് കുടിവെള്ളം എത്തിച്ചത് എടവിലങ്ങ്, പടിയൂർ. ഏറിയാട് എന്നീ മൂന്ന് പഞ്ചായത്തുകളാണ്.

റോഡ് നിർമ്മാണം വൈകുന്നു

കുടിവെള്ള കണക്‌ഷൻ നൽകുന്നതിനായി റോഡുകൾ വെട്ടിപ്പൊളിക്കുന്നത് പൂർവസ്ഥിതിയിലാക്കുന്നതിൽ വരുത്തുന്ന കാലതാമസം പ്രദേശികതലങ്ങളിൽ പ്രതിഷേധങ്ങൾക്ക് ഇടവയ്ക്കുന്നുണ്ട്. പലപ്പോഴും കണക്‌ഷന് വേണ്ടി പൊളിക്കുന്ന റോഡുകൾ ഒരു വർഷത്തിന് ശേഷമാണ് റീടാറിംഗ് നടത്തുന്നത്. ഇതുമൂലം പലയിടങ്ങളിലും യാത്രാദുരിതമുണ്ട്.