ടെക്‌നിക്കൽ സ്‌കൂൾ മതിലിൽ അതിഥികൾക്ക് വിരുന്നൊരുക്കാൻ ചിത്രകാരൻമാരുടെ കരവിരുത്‌

Thursday 05 January 2023 12:48 AM IST

കൊടുങ്ങല്ലൂർ: സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കലോത്സവം നടക്കുന്ന കൊടുങ്ങല്ലൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ മതിലുകൾക്ക് കൊടുങ്ങല്ലൂരിലെ ചിത്രകാരന്മാരുടെ നിറച്ചാർത്ത്. സുധി ഷൺമുഖൻ, ടി.വി. സാനു, ആർട്ടിസ്റ്റ് സുധാകരൻ, ജോസ്, സുനിൽ കൃഷ്ണ, രഞ്ജിത്ത് സുബ്രഹ്മണ്യൻ തുടങ്ങിയ എട്ടോളം കലാകാരൻന്മാരുടെ കരവിരുതുകൾ സംസ്ഥാന കലോത്സവത്തിന് എത്തിച്ചേരുന്ന അതിഥികളുടെ കാഴ്ചവിരുന്നാകും.

സ്‌കൂളിന്റെ മതിലും മുൻവശവും മനോഹരമാക്കുന്ന ചുമതല അലുമിനി അസോസിയേഷനാണ് ഏറ്റെടുത്തത്. ഇവരുടെ നേതൃത്വത്തിലാണ് കൊടുങ്ങല്ലൂരിന്റെ സാംസ്‌കാരിക പൈതൃകങ്ങൾ വർണങ്ങളിൽ ചാലിച്ചെടുത്ത ചുമർ ചിത്രങ്ങളായി പിറവിയെടുത്തത്.

അലുമിനി അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് എസ്.എസ്. ശ്രീകുമാർ, സെക്രട്ടറി സി.ബി. അഖിലേഷ് , ടി.പി. ഷാനവാസ്, ജി.എസ്. സുരേഷ്, കെ.എൻ. രാമൻ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement