ചേറ്റുവ പുഴയിൽ മണ്ണും ചെളിയും നീക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കാൻ തീരുമാനം

Thursday 05 January 2023 12:53 AM IST

തൃശൂർ: ചേറ്റുവ പുഴയിൽ മണ്ണും ചെളിയും നീക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കാൻ തീരുമാനം. ചേറ്റുവ പുഴയിൽ നിന്ന് ചെളി നീക്കൽ, ചേറ്റുവ കോട്ട വിനോദസഞ്ചാരം എന്നീ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി എൻ.കെ. അക്ബർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ചേറ്റുവ പുഴയുടെ പ്രദേശത്ത് ഉപ്പുവെള്ളം കയറി കുടിവെള്ളക്ഷാമവും വ്യാപക കൃഷിനാശവും നേരിടുകയാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. പ്രദേശത്ത് കെറി പഠനം നടത്തി മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് ആവശ്യമായ തുക കണക്കാക്കിയിട്ടുണ്ടെന്നും പരമ്പരാഗത തൊഴിലാളികളെ വച്ച് മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന സംയുക്ത പദ്ധതികളാണ് ചേറ്റുവ കോട്ട വിനോദസഞ്ചാര വികസനം (45 ലക്ഷം), ചേറ്റുവ കോട്ട വിനോദസഞ്ചാരത്തിന് സ്ഥലം വാങ്ങൽ (65 ലക്ഷം), ചേറ്റുവ പുഴ ചെളി നീക്കി ആഴം കൂട്ടൽ (ഒരു കോടി) എന്നിവ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ, കളക്ടർ ഹരിത വി.കുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.എം. അഹമ്മദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ. സുബൈർ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.