എൽ.പി, യു.പി സ്‌കൂൾ വിദ്യാർത്ഥികളുടെ ഫുട്ബാൾ ടൂർണമെന്റ്

Thursday 05 January 2023 1:17 AM IST

തൃശൂർ: കോർപറേഷൻ പരിധിയിലെ എൽ.പി, യു.പി സ്‌കൂൾ വിദ്യാർത്ഥികളുടെ ഫുട്‌ബാൾ ടൂർണമെന്റ് 'ആരവം 2023' ഈമാസം ഒമ്പത്, 10, 11 തീയതികളിൽ കോർപറേഷൻ ഗ്രൗണ്ടിൽ നടത്തും. കോർപറേഷനും സ്‌പോർട്‌സ് കൗൺസിലും അർബൻ റിസോഴ്‌സ് സെന്ററും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. 1200ഓളം കുട്ടികൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എൽ.പി ആൺകുട്ടികളുടെ വിഭാഗത്തിൽ 26 ടീമും യു.പി വിഭാഗത്തിൽ 21 ടീമും എൽ.പി പെൺകുട്ടികളുടെ വിഭാഗത്തിൽ ഒമ്പത് ടീമും യു.പി 11 ടീമുമാണ് പങ്കെടുക്കുന്നത്. ആദ്യ രണ്ടുദിവസം 24 വീതം മത്സരമുണ്ട്. ഒരേസമയം രണ്ട് മത്സരം നടക്കും. വ്യാഴാഴ്ച കോർപറേഷൻ ഓഫീസ് പരിസരത്തുനിന്ന് ദീപശിഖാ പ്രയാണം മേയർ എം.കെ. വർഗീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.

വാർത്താസമ്മേളനത്തിൽ സ്‌പോർട്‌സ് കൗൺസിൽ എക്‌സി. അംഗം കെ.ആർ. അജിത് ബാബു, സി.പി. ജയ്‌സൺ, ടി.കെ. ഉണ്ണിക്കൃഷ്ണൻ, എ. നവീൻ ആന്റണി എന്നിവർ പങ്കെടുത്തു.