സങ്കടം കവിതകളായി ; ഒടുവിൽ സമാഹാരവും

Thursday 05 January 2023 2:24 AM IST

തിരുവനന്തപുരം: അഞ്ചാം വയസിൽ മുത്തശ്ശിയുടെ വഴക്ക് കേട്ടുള്ള സങ്കടം കവിതകളാക്കി. പതിനൊന്നാം വയസിൽ ആ കുറിപ്പുകൾ 42 കവിതകളുടെ സമാഹാരം 'അൺ ഡിസ്‌കവേർഡ്' എന്ന പേരിൽ പുസ്തകമായി പുറത്തിറങ്ങിയപ്പോൾ കൊച്ചു തമാരാ നമ്പ്യാർക്ക് എന്തെന്നില്ലാത്ത സന്തോഷം. ഇന്നലെ മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുസ്തകം ഡോ.എം.വി.പിള്ളയ്‌ക്ക് നൽകി പ്രകാശനം ചെയ്തു. മനസിൽ വളരെയധികം ആനന്ദം നൽകിയ പുസ്‌തകമാണിതെന്ന് അടൂർ പറഞ്ഞു. കവിതകൾ ആത്മാവിൽ നിന്ന് വരുന്നതും ആത്മാവിനോട് ചേർന്ന് നിൽക്കുന്നതുമാണ്. ഇന്ത്യ അറിയുന്ന ഒരു കവയിത്രിയാകാൻ തമാരായെ അനുഗ്രഹിച്ച അടൂർ, ആരുടെയും ഉപദേശവും കേൾക്കരുതെന്നൊരു ഉപദേശവും തമാരായ്‌ക്ക് നൽകിയാണ് പ്രസംഗം അവസാനിപ്പിച്ചത്. മറുപടി പ്രസംഗത്തിൽ തമാരാ എല്ലാവർക്കും നന്ദി പറഞ്ഞു.തുടർന്ന് തന്റെ മൂന്ന് കവിതകളും അവതരിപ്പിച്ചു.സമാഹാരത്തിന് അവതാരിക എഴുതിയത് കവി കെ.സച്ചിദാനന്ദനാണ്. ശശി തരൂർ എം.പിയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. ഹൈദരാബാദ് അഗാഖാൻ അക്കാഡമിയിൽ 6–ാം ക്ലാസ് വിദ്യാർത്ഥിയാണ് തമാര. ദൂരദർശൻ മുൻ അഡി.ഡയറക്ടർ കെ.കുഞ്ഞികൃഷ്ണന്റെയും രാഗിണി മേനോന്റെയും മകൻ, കാനഡയിൽ ഐ.ടി കമ്പനി സി.ഇ.ഒയായ ജയദീപ് കൃഷ്ണന്റെയും ഹൈദരാബാദിൽ ആർട് ഗാലറി നടത്തുന്ന ലക്ഷ്മി നമ്പ്യാരുടെയും മകളാണ് തമാരാ. ഐ.എം.ജി കെ.ജയകുമാർ,നീരദ സുരേഷ്,പ്രൊഫ.ഗീതാ നായർ,ജയദീപ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.