വാൾട്ടർ കന്നിംഗ്‌ഹാം അന്തരിച്ചു

Thursday 05 January 2023 5:32 AM IST

ന്യൂയോർക്ക് : അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ അപ്പോളോ - 7ന്റെ ഭാഗമായ ബഹിരാകാശ യാത്രികരിൽ ജീവിച്ചിരുന്ന അവസാന കണ്ണിയായ വാൾട്ടർ കന്നിംഗ്‌ഹാം അന്തരിച്ചു. 90 വയസായിരുന്നു. ചൊവ്വാഴ്ച ഹൂസ്റ്റണിലായിരുന്നു അന്ത്യം. അപ്പോളോ പദ്ധതിയിൽ മനുഷ്യരുമായി ബഹിരാകാശത്തേക്ക് കുതിച്ച ആദ്യ ദൗത്യമായിരുന്നു അപ്പോളോ -7. വാൾട്ടർ എം. ഷിറ,​ ഡോൺ എഫ്. ഐസൽ എന്നിവരായിരുന്നു വാൾട്ടർ കന്നിംഗ്‌ഹാമിന്റെ സഹയാത്രികർ. വാൾട്ടർ എം. ഷിറ 2007ൽ 84ാം വയസിൽ കാൻസർ ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഡോൺ എഫ്. ഐസൽ 1987ൽ 57ാം വയസിൽ ജപ്പാനിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 1968 ഒക്ടോബർ 11നായിരുന്നു അപ്പോളോ 7ന്റെ വിക്ഷേപണം. പതിനൊന്ന് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ഒക്ടോബർ 22ന് ഭൂമിയിൽ വിജയകരമായി തിരിച്ചെത്തി. 1967ൽ മൂന്ന് യാത്രികരുമായി പുറപ്പെടേണ്ടിയിരുന്ന അപ്പോളോ 1 കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ചിംഗ് പാഡിൽ വച്ച് അഗ്നിക്കിരയായതിന് ശേഷം മനുഷ്യനുമായി കുതിച്ച നാസയുടെ ആദ്യ മിഷൻ കൂടിയായിരുന്നു അപ്പോളോ 7. നാസയുടെ മൂന്നാമത്തെ സിവിലിയൻ ബഹിരാകാശ സഞ്ചാരിയായിരുന്നു കന്നിംഗ്‌ഹാം. 1963ലാണ് കന്നിംഗ്ഹാം നാസയിൽ ചേർന്നത്. ഒറ്റത്തവണ മാത്രമാണ് കന്നിംഗ്ഹാം ബഹിരാകാശത്തേക്ക് സഞ്ചരിച്ചത്. പിന്നീട് യു.എസിന്റെ ആദ്യ ബഹിരാകാശ നിലയമായ സ്കൈലാബ് പദ്ധതിയിൽ പ്രവർത്തിച്ചു. 1973 മുതൽ 1979 വരെയാണ് സ്കൈലാബ് പ്രവർത്തിച്ചത്.