സാമ്പത്തിക പ്രതിസന്ധി: പാകിസ്ഥാനിലെ മാളുകൾ നേരത്തെ അടയ്‌ക്കും

Thursday 05 January 2023 5:34 AM IST

കറാച്ചി : ശ്രീലങ്കയെ വിറപ്പിച്ച സാമ്പത്തിക പ്രതിസന്ധിയും കലാപവും രാജ്യത്തും അരങ്ങേറിയേക്കുമോ എന്ന ഭീതിയിൽ പാകിസ്ഥാൻ. കൊവിഡ് മഹാമാരിയും വെള്ളപ്പൊക്കവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ബുദ്ധിമുട്ടുകയാണ് പാക് സർക്കാർ. സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ ഊർജ പ്രതിസന്ധിയും രാജ്യത്തെ പിടിമുറുക്കുന്നതിനിടെ ഊർജ സംരക്ഷണത്തിനുള്ള നടപടികൾക്ക് ഉത്തരവിട്ടിരിക്കുകയാണ് പാക് സർക്കാർ. നടപടികൾക്ക് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഉത്തരവ് പ്രകാരം രാജ്യത്തെ എല്ലാ മാളുകളും മാർക്കറ്റുകളും ഇനി മുതൽ രാത്രി 8.30ന് അടയ്ക്കണം. നടപടികൾ പാലിക്കുന്നതിലൂടെ ഏകദേശം 62 ബില്യൺ പാകിസ്ഥാനി രൂപ രാജ്യത്തിന് ലാഭിക്കാനാകുമെന്ന് കരുതുന്നതായി പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. രാജ്യത്തെ വിദേശ നാണയ ശേഖരം ഇപ്പോൾ ഒരു മാസത്തെ ഇറക്കുമതിക്ക് മാത്രമേ തികയൂ. ഇതിൽ ഭൂരിഭാഗവും ഊർജ വിഭവങ്ങളുടെ വാങ്ങലിന് വിനിയോഗിക്കേണ്ടി വരുന്നതാണ്. ഐ.എം.എഫിൽ നിന്ന് പ്രതീക്ഷിക്കുന്ന ധനസഹായം വൈകുന്നതും തിരിച്ചടിയായി. കൂടാതെ, റെസ്റ്റോറന്റുകളും കല്യാണ ഹാളുകളും കൃത്യം രാത്രി 10 മണിക്ക് അടയ്ക്കണം. സർക്കാർ ഓഫീസുകളിൽ ഊർജ ഉപയോഗം 30 ശതമാനം കുറയ്ക്കാനാണ് നിർദ്ദേശം. ഇതിനായി വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനും തീരുമാനമായി. തെരുവു വിളക്കുകളിൽ പകുതിയും അണച്ചിടും. കാര്യക്ഷമമല്ലാത്ത വൈദ്യുത ഫാനുകളുടെ ഉത്പാദനം ജൂലായ് മുതൽ നിരോധിക്കും. ഊർജ ഉപയോഗം കുറയ്ക്കുന്നതിന് ജനങ്ങളിൽ അവബോധം വളർത്താൻ മാദ്ധ്യമങ്ങളിലൂടെ കാമ്പെയിൻ നടത്തും. വെള്ളം പാഴാക്കുന്നത് തടയാൻ വെള്ളത്തിന് ഈടാക്കുന്ന തുക പുനഃപരിശോധിക്കും. ഹൗസിംഗ് സൊസൈറ്റികളിലെ വെള്ളത്തിന്റെ ഉപയോഗം വിലയിരുത്താൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. എല്ലാ ഓഫീസുകളിലും വൈദ്യുതിയുടെ അനാവശ്യ ഉപയോഗം ഒഴിവാക്കണം. ഇതിനിടെ നിത്യോപയോഗ സാധനങ്ങൾക്കടക്കം വില ഉയരുന്നതും പണപെരുപ്പം കൂടുന്നതും സർക്കാരിന് തലവേദന സൃഷ്ടിക്കുന്നു.

Advertisement
Advertisement