മ്യാൻമറിൽ 7,000 തടവുകാരെ മോചിപ്പി‌ക്കും

Thursday 05 January 2023 5:36 AM IST

യാങ്കോൺ: മ്യാൻമറിൽ 7,012 തടവുകാർക്ക് പൊതുമാപ്പ് നൽകുമെന്ന് പട്ടാള ഭരണകൂടം അറിയിച്ചു. രാജ്യത്ത് ഇന്നലെ നടന്ന 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കിടെയായിരുന്നു പ്രഖ്യാപനം. എന്നാൽ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമോ എന്ന് വ്യക്തമല്ല. പട്ടാള ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് പേർ മ്യാൻമറിലെ ജയിലുകളിലുണ്ട്. 2021 ഫെബ്രുവരിയിലാണ് ഓംഗ് സാൻ സൂചി ഭരണകൂടത്തെ അട്ടിമറിച്ചാണ് സൈന്യം മ്യാൻമർ പിടിച്ചടക്കിയത്. അഴിമതിയുൾപ്പെടെ നിരവധി ആരോപണങ്ങൾ ചുമത്തപ്പെട്ട സൂചി നെയ്‌പിഡോയിലുള്ള ജയിലിൽ ഏകാന്ത തടവിലാണ്. നിലവിൽ 33 വർഷത്തെ തടവിനാണ് പട്ടാള കോടതി സൂചിയെ ശിക്ഷിച്ചിരിക്കുന്നത്. അതിനിടെ, രാജ്യത്ത് സ്വതന്ത്രവും ന്യായവുമായ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പട്ടാള തലവൻ മിൻ ഓംഗ് ഹ്ലെയിംഗ് ഇന്നലെ പ്രഖ്യാപിച്ചെങ്കിലും എന്നാണെന്ന് വ്യക്തമാക്കിയില്ല. സൈന്യം രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയുടെ കാലാവധി ഈ മാസം അവസാനം കഴിയും. അതേ സമയം, തലസ്ഥാനമായ നെയ്‌പിഡോയിൽ ടാങ്കുകൾ, മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെയുള്ളവ അണിനിരത്തിയുള്ള വമ്പൻ സ്വാതന്ത്ര്യദിന പരേഡാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്നത്.