ബഫർസോൺ പ്രതിഷേധം തണുപ്പിക്കാൻ തീവ്രശ്രമം.

Friday 06 January 2023 12:59 AM IST

കോട്ടയം . ബഫർസോൺ വിഷയത്തിൽ സമരം ശക്തമാക്കാൻ യു ഡി എഫും,​ ക്രൈസ്തവസഭയും ഒരുങ്ങുമ്പോൾ വിവാദം തണുപ്പിക്കാൻ സർക്കാരിന്റെ തിരക്കിട്ട ശ്രമം. ഇതിന്റെ ഭാഗമായാണ് മന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസഫ് പുളിക്കലിനെ സന്ദർശിച്ചത്. കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് സഭാ നേതൃത്വത്തിന് ഉറപ്പ് നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ ബിഷപ്പ് നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പ്രശ്നത്തിൽ പരിഹാരം കാണുന്നത് വരെ സമരം തുടരുമെന്നും സമരം സർക്കാരിനെതിരല്ലെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കി.

അതേസമയം കർഷകരുമായി സംവദിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് രാവിലെ 10.30 ന് എയ്ഞ്ചൽ വാലിയിലും 2.30 ന് ചിറ്റാറിലും എത്തും. എയ്ഞ്ചൽവാലി സ്കൂൾ ഓഡിറ്റോറിയത്തിലാണ് ജനകീയ സദസ് സംഘടിപ്പിച്ചിരിക്കുന്നത്. പമ്പാവാലി, ഏയ്ഞ്ചൽ വാലി പ്രദേശങ്ങൾ വനഭൂമിയാണെന്ന് വനംവകുപ്പിന് അവകാശവാദം ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവന കൊടിയ വഞ്ചനയാണെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. പ്രദേശങ്ങൾ വനഭൂമിയാണെന്ന് കാണിക്കുന്ന ഉപഗ്രഹ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറിയതിന് ശേഷമാണ് പ്രസ്താവന നടത്തുന്നത്. പിഴവുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ച ഭൂപടം എന്തിനാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു.

കേസുകൾ പിൻവലിക്കണം.

തലമുറകളായി താമസിക്കുന്ന ഭൂമി വനഭൂമിയാക്കിയതറിഞ്ഞ് ജനാധിപത്യപരമായി പ്രതിഷേധിച്ച കർഷകർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം എടുത്ത കേസ് പിൻവലിക്കണം. ഇല്ലെങ്കിൽ പ്രത്യാഘാതം ​ഗുരുതരമായിരിക്കുമെന്നും ആ​ന്റോ ആ​ന്റണി പറഞ്ഞു.