ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്റെ മരണം; ലൈസൻസ് നൽകിയതിനെ ചൊല്ലി പോര് മുറുകി

Friday 06 January 2023 12:52 AM IST

കോട്ടയം . സംക്രാന്തിയിലെ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടലിലെ ഭക്ഷണം കഴിച്ച് കോട്ടയം മെഡിക്കൽ കോളേജാശുപത്രി നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്വത്തെ ചൊല്ലി സി പി എം - കോൺഗ്രസ് പോര് മുറുകി. ഹെൽത്ത് സൂപ്പർവൈസർ എം ആർ സാനുവിനെ സസ്പെൻഡ് ചെയ്ത് നഗരസഭാധികൃതർ കൈകഴുകുമ്പോൾ ഗുരുതര വീഴ്ച കണ്ടെത്തി ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടിയ ഹോട്ടലിന് വീണ്ടും ലൈസൻസ് നൽകിയ നഗരസഭാധികൃതർക്കാണ് ഉത്തരവാദിത്വമെന്നാരോപിക്കുകയാണ് സി പി എം. നഗരസഭാധികൃതരെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ രംഗത്ത് വന്നപ്പോൾ രശ്മി രാജിന്റെ മരണത്തിന് സമാധാനം പറയേണ്ടത് കോൺഗ്രസ് ഭരിക്കുന്ന നഗരസഭയാണെന്ന് കുറ്റപ്പെടുത്തി മന്ത്രി വാസവൻ രംഗത്തെത്തി.

നഗരസഭയിൽ ഉന്നതസ്ഥാനം വഹിക്കുന്ന ജനപ്രതിനിധിയുടെ ഭർത്താവ് കോഴവാങ്ങിയാണ് വിവാദ ഹോട്ടലിന് ലൈസൻസ് നൽകിയതെന്ന ഗുരുതര ആരോപണവും ഭരണകക്ഷി കൗൺസിലർ ഉന്നയിച്ചു. ഇത് ഉയർത്തി നഗരസഭാധികൃതർക്കെതിരെ സമരത്തിനൊരുങ്ങുകയാണ് സി പി എം. ഹോട്ടലിന്റെ രണ്ട് അടുക്കളകളിലൊന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് മാനദണ്ഡം പാലിച്ച് തുറക്കാവൂ എന്ന നോട്ടീസ് നിലനിൽക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചതും, 21 പേർ ആശുപത്രിയിൽ ചികിത്സതേടിയതും. അടുക്കളയ്ക്ക് ലൈസൻസ് ലഭിക്കും മുമ്പ് തുറക്കാൻ അനുമതിനൽകിയതാരെന്ന് കണ്ടെത്തണമെന്നാണ് സി പി എം ആവശ്യം.

മന്ത്രി വി എൻ വാസവൻ പറയുന്നു.

ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചു പൂട്ടിയ ഹോട്ടലിന് അനധികൃത ലൈസൻസ് നൽകിയ നഗരസഭാധികൃതരാണ് സമാധാനം പറയേണ്ടത്. പ്രധാന ഉത്തരവാദികളെ രക്ഷപ്പെടുത്താനാണ് ഇടതുസംഘടനയിൽപ്പെട്ട ഹൈൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തത്. ഒരിക്കൽ റദ്ദാക്കിയ ലൈസൻസ് വീണ്ടും ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും മുമ്പ് പുതുക്കി നൽകിയതിന് പിന്നിൽ ആരെന്ന് കണ്ടെത്തണം.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പ്രതികരണം.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭാഗത്തു നിന്നാണ് ഗുരുതര വീഴ്ച ഉണ്ടായത്. വിവാദ ഹോട്ടലിന് ലൈസൻസ് നൽകുന്നതിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തപ്പോൾ സംരക്ഷിക്കാനാണ് സി പിഎം ശ്രമം.