ഉത്തരേന്ത്യയിൽ തണുപ്പ്: കോവളത്തിന് കോള്

Friday 06 January 2023 1:35 AM IST

വിഴിഞ്ഞം: കോവളം വിനോദസഞ്ചാര തീരത്ത് സീസൺ അവസാനിക്കുന്നില്ല. ഉത്തരേന്ത്യൻ സഞ്ചാരികളുടെ വൻ തിരക്ക്. ഉത്തരേന്ത്യയിൽ തണുപ്പ് കാലാവസ്ഥയായതിനാൽ വിനോദസഞ്ചാരത്തിനായി കൂടുതലും തിരഞ്ഞെടുക്കുന്നത് കോവളത്തെയാണ്. ക്രിസ്മസ് ദിനത്തിലും പുതുവർഷദിനത്തിലും തുടർന്നുള്ള രണ്ട് അവധിദിനത്തിലും കോവളത്ത് തിരക്കായിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും കൊവിഡ് പിടിമുറുക്കിയപ്പോൾ, ഇത്തവണത്തെ സീസൺ തീരത്തെ ഹോട്ടലുകാർക്കാണ് ചാകരയായത്. പുതുവർഷത്തലേന്ന് തീരത്തുൾപ്പെടെയുള്ള എല്ലാ ഹോട്ടലുകളും ബുക്ക് ചെയ്തിരുന്നു. രാത്രി 10ഓടെ തന്നെ ഹോട്ടലുകളിൽ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയായിരുന്നു. കൂടാതെ ആയുർവേദ ചികിത്സയ്ക്കായി റഷ്യൻ സഞ്ചാരികൾ കോവളത്തേക്ക് എത്തുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി എത്തുന്നതിലേറെയും റഷ്യയിൽ നിന്നുള്ളവരാണ്. കേരളത്തിലെ ആയുർവേദ ചികിത്സയെപ്പറ്റി കേട്ടറിഞ്ഞവർ കോവളത്തെ ഹോട്ടലുകളോടനുബന്ധിച്ച ആയുർവേദ ചികിത്സാകേന്ദ്രങ്ങളിലാണുള്ളത്. കൂടുതൽ പേർ സീസൺ അവസാനിക്കും മുൻപ് എത്തുമെന്നാണ് പ്രതീക്ഷ.

ലൈഫ് ഗാർഡുകൾ കുറവ്

60 വയസു കഴിഞ്ഞവരെ പിരിച്ചുവിട്ടിട്ട് പുതുതായി ആരെയും നിയമിക്കാത്തതിനാൽ അധിക ജോലി എടുക്കേണ്ടിവരുന്നുവെന്നും ലൈഫ് ഗാർഡുകൾ പറയുന്നു.