അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

Friday 06 January 2023 1:21 AM IST

വെള്ളറട: വസ്തു സംബന്ധമായ തർക്കത്തെ തുടർന്ന് ബന്ധുവായ അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിലായി. മുള്ളിലവുവിള മാവുവിള വീട്ടിൽ ബിജുവാണ് (43)​ പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ പത്തനംതിട്ട ജില്ലയിലെ ഏനാത്തിന് സമീപം വാടകവീട്ടിൽ നിന്നാണ് റൂറർ എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് വെള്ളറട പൊലീസ് പിടികൂടിയത്.

കേസിലെ ഒന്നാം പ്രതി ബിജുവിന്റെ പിതാവ് സോമൻ നേരത്തേ പിടിയിലായിരുന്നു.ഒരു വർഷത്തിന് മുൻപാണ് കേസിനാസ്പദമായ സംഭവം. വെള്ളറട സി.ഐ മൃദുൽ കുമാർ,​ സബ് ഇൻസ്‌പെക്ടർ ആന്റണി ജോസഫ് നെറ്റോ,​ സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജി,​ സിവിൽ പൊലീസ് ഓഫീസർ പ്രദീപ്​ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.