തീവ്രവാദ പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്തു,​ ഐസിസിൽ നിന്ന് പണമെത്തി,​ കർണാടകയിൽ ആറിടങ്ങളിൽ എൻ ഐ എ റെയ്ഡ്

Thursday 05 January 2023 9:19 PM IST

ബെംഗളുരു : ശിവമോഗ ഐസിസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് കർണാടകയിൽ ആറിടങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തി. കേസിലെ മുഖ്യപ്രതിയായ മസ് മുനീർ വഴി ആളുകളെ തീവ്രവാദ പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നതായും എൻ.ഐ. എ വ്യക്തമാക്കി. ക്രിപ്റ്റോ വാലറ്റുകൾ വഴി ഉൾപ്പ്ടെ ഐസിസിൽ നിന്ന് പണം വന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ ഡിജിറ്രൽ തെളിവുകൾ കണ്ടെത്തിയതായും എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു.

മംഗളുരു സ്വദേശിയായ സയ്ദ് യാസിൻ,​ മസ് മുനിർ,​ ശിവമോഗ സ്വദേശി ഷരീഖ് എന്നിവരെ കഴിഞ്ഞ വർഷം സെപ്തംബർ അവസാനം ശിവമോഗയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സയ്ദ് യാസിൻ ഐസിസിന് വേണ്ടി മംഗളുരുവിൽ പ്രവർത്തിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴി യാസിൻ ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചു. യുവാക്കളെ റിക്രൂട്ട് ചെയ്തു. കോളേജിലെ സഹപാഠികളായിരുന്നവരെയും ഐസിസിിൽ ചേരാൻ പ്രേരിപ്പിച്ചു. യാസിന് ഐസിസ് പരിശീലനം ലഭിച്ചിരുന്നുവെന്നും പാകിസ്ഥാൻ സന്ദർശിച്ചതിന്റെ രേഖകൾ ക ണ്ടെത്തിയതായും എൻ.ഐ.എ വ്യക്തമാക്കി.

കർണാടകയിൽ ഇവർ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യാസിൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.