നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പരാതികൾ; ക്രൈം ബ്രാഞ്ച് അന്വേഷിക്കും
കണ്ണൂർ:പ്ലാസ ജംഗ്ഷന് സമീപത്തെ 'കണ്ണൂർ അർബൻ നിധി', അനുബന്ധ സ്ഥാപനമായ എ.ടി.എം. (എനി ടൈം മണി) എന്നിവയുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ലഭിച്ചത് 22 പരാതികൾ .കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ മാത്രം ആറ് പരാതികൾ ലഭിച്ചു. കണ്ണൂർ റേഞ്ച് ഐ.ജി രാഹുൽ ആർ നായരുടെ നിർദേശപ്രകാരം ടൗൺ പൊലീസ് ഇൻസ്‌പെക്ടർ പി.എ.ബിനു മോഹൻ പരാതിക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തി.ഉയർന്ന പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കാലാവധിയായിട്ടും മുതലോ പലിശയോ തിരിച്ചുനൽകിയില്ലെന്നാണ് ഭൂരിഭാഗം പരാതികളും.
സ്ഥാപനത്തിൽ നിക്ഷേപം നടത്തി കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടിയില്ലെന്ന നിക്ഷേപകരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. അർബൻ നിധി, അനുബന്ധ സ്ഥാപനമായ എ.ടി.എം എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നും ഏഴ് കോടിയോളം രൂപ വാങ്ങിയിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ട്.
പണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ വൻതുക ആദായ നികുതിയായി നൽകേണ്ടിവരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. പന്ത്രണ്ടു ശതമാനം വരെ പലിശ ലഭിക്കുമെന്ന വാഗ്ദാനത്തിൽ 34 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായതായി പരാതിയുണ്ട്. ഇരുപതിനായിരം മുതൽ അഞ്ചു ലക്ഷം വരെയുള്ള നിക്ഷേപവും ഒരു ലക്ഷം മുതൽ 34 ലക്ഷം വരെയുള്ള സ്ഥിരനിക്ഷേപവുമാണുള്ളത്. സ്ഥാപനത്തിന്റെ ഡയറക്ടർമാർ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂലിപണിക്കാർ മുതൽ ഉദ്യോഗസ്ഥർ വരെയുള്ളവർ ഇന്നലെ സ്ഥാപനത്തിൽ എത്തി പ്രതിഷേധിച്ചു. സ്ഥാപനത്തിന്റെ ഡയറക്ടർമാരോട് കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് പറഞ്ഞിരുന്നു.
ഉയർന്ന നിക്ഷേപം തലശ്ശേരിയിലെ ഡോക്ടറുടേത്
തലശേരിയുള്ള ഒരു ഡോക്ടറാണ് ഏറ്റവും ഉയർന്ന നിക്ഷേപം നടത്തിയിട്ടുള്ളത്. ഇദ്ദേഹം 34 ലക്ഷം രൂപ നിക്ഷേപിച്ചതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചു കിട്ടാത്തതിനാലാണ് നിക്ഷേപിച്ചവർ പരാതിയുമായി രംഗത്തെത്തിയത്. പണം നിക്ഷേപിച്ച ആദ്യമാസങ്ങളിൽ ചിലരുടെ അക്കൗണ്ടിൽ പലിശ എത്തിയിരുന്നു. ഇതോടെ കമ്പനിയെ വിശ്വസിച്ച് പലരും നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ, മാസങ്ങൾ പിന്നിടുമ്പോൾ പണം വരാതെയായി. പലരും സ്ഥാപനം നടത്തുന്നവരെ കുറിച്ച് അന്വേഷിച്ച് ഇറങ്ങിയതോടെയാണ് വഞ്ചിക്കപ്പെട്ടതായി മനസിലായത്. തുടർന്ന് പരാതിയുമായി രംഗത്തെത്തുകയായിരുന്നു.