വിമാനത്താവള റോഡ്: കല്ലിടലിൽ പരാതി

Thursday 05 January 2023 9:57 PM IST

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലമെടുക്കുന്നതിന് അതിരടയാളക്കല്ല് സ്ഥാപിച്ചത് റോഡിന്റെ ഒരു വശത്ത് മാത്രമെന്ന് പരാതി. കണ്ണൂർ-അഞ്ചരക്കണ്ടി റോഡിൽ വായന്തോട് മുതലാണ് കഴിഞ്ഞ ദിവസം റോഡ് വീതികൂട്ടുന്നതിന് അടയാളക്കല്ലുകൾ സ്ഥാപിച്ചത്.

വിമാനത്താവളത്തിലേക്കുള്ള റോഡിൽ വലതുവശത്ത് മാത്രമാണ് കല്ലുകൾ ഇട്ടിട്ടുള്ളതെന്നും മറുഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നില്ലെന്നുമാണ് പ്രദേശവാസികളുടെ പരാതി. തലശ്ശേരി ഭാഗത്ത് നിന്ന് വിമാനത്താവളത്തിലേക്ക് നിർമ്മിക്കുന്ന കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി- വിമാനത്താവള റോഡാണ് വായന്തോട് ജംഗ്ഷൻ വരെ നീട്ടുന്നത്. ഇതിന്റെ ഭാഗമായാണ് വായന്തോട് മുതലുള്ള റോഡിൽ കഴിഞ്ഞ ദിവസം അതിരടയാളക്കല്ലുകൾ സ്ഥാപിച്ചത്. ഒരു വശത്ത് 14 മീറ്ററോളം നീളത്തിൽ റോഡിനായി സ്ഥലമേറ്റെടുക്കുമ്പോൾ മറുഭാഗത്ത് കല്ലുകൾ സ്ഥാപിച്ചിട്ടില്ലെന്ന് പറയുന്നു. എന്നാൽ ശാസ്ത്രീയമായ തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരമാണ് റോഡിനായി സ്ഥലമെടുക്കുന്നതെന്ന് അധികൃതർ പറഞ്ഞു. .