അനന്തപുരി വേദസമ്മേളനം തുടങ്ങി

Friday 06 January 2023 3:05 AM IST

തിരുവനന്തപുരം: വേദം അറിവിന്റെ ദീപമാണെന്നും സാർവലൗകികമായ വേദപ്പൊരുൾ എല്ലാക്കാലത്തും പ്രസക്തമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മഹർഷി സാന്ദീപനി രാഷ്ട്രീയ വേദവിദ്യാപ്രതിഷ്ഠാൻ,പീപ്പിൾ ഫോർ ധർമ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന അനന്തപുരി വേദസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഋഷിമാർ അനുഭവിച്ചറിഞ്ഞ പ്രപഞ്ചത്തിന്റെ സ്വഭാവം വേദത്തിലൂടെ പുനരാവിഷ്‌കരിക്കപ്പെട്ടെന്ന് യോഗത്തിൽ അദ്ധ്യക്ഷനായ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ശൃംഗേരി ശാരദാപീഠത്തിന്റെ ശ്രീമുഖസന്ദേശം പ്രൊഫ. എ.സുബ്രഹ്മണ്യഅയ്യർ ചടങ്ങിൽ വായിച്ചു. തിരുപ്പതി വേദസർവകലാശാല വൈസ് ചാൻസലർ പ്രൊഫ.റാണി സദാശിവമൂർത്തി മുഖ്യപ്രഭാഷണം നടത്തി.നെടുമ്പിള്ളി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്,സംസ്‌കൃത ഭാരതി അഖിലേന്ത്യാ സെക്രട്ടറി പി.നന്ദകുമാർ, സംഘാടകസമിതി ഭാരവാഹികളായ കെ.പി.മധുസൂദനൻ, എച്ച്.ഗണേഷ് എന്നിവർ സംസാരിച്ചു. നേരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്ന് വേദജ്യോതി രഥയാത്ര സമ്മേളനസ്ഥലത്ത് എത്തിയിരുന്നു.