മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
തളിപ്പറമ്പ്:കഴുത്തിൽ നിന്ന് ഒന്നരപവന്റെ മാല പൊട്ടിച്ച പ്രതി അറസ്റ്റിൽ മാട്ടൂൽ ജസീന്തയിലെ കൊയലേരിയൻ ഡെയിൻ ജോമോനെയാണ് (19)തളിപ്പറമ്പ് എസ്.ഐ ദനേശൻ കൊതേരി പിടികൂടിയത്. ഡിസംബർ 7ന് വൈകുന്നേരമാണ് പൂക്കോത്ത് നടയിൽ റോഡിൽ കൂടി നടന്നു പോകുകയായിരുന്ന 74 കാരിയായ പട്ടാണി കമലാക്ഷിയുടെ കഴുത്തിൽ നിന്നും ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് യുവാവ് ഓടി രക്ഷപ്പെട്ടത്.
പൂക്കോത്ത്നട എൽ.ഐ.സി റോഡിൽ വെച്ചായിരുന്നു സംഭവം. എതിരെ നടന്നുവന്ന് മാലപൊട്ടിച്ചെടുത്ത ഡെയിൻ ജോമോൻ അതവേഗത്തിൽ ഓടി ക്ലാസിക്ക് തീയേറ്റർ ഭാഗത്തേക്ക് പോകുകയായിരുന്നു. സി.സി.ടി.വികളിൽ നിന്ന് ലഭിച്ച അവ്യക്തമായ ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് സൈബർസെല്ലുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്പ് ടൗണിൽ വച്ച് പ്രതി പിടിയിലായത്. സംഭവം നടന്ന സമയത്ത് പൂക്കോത്ത്നട ഭാഗത്തെ മൊബൈൽടവറിന് കീഴിൽ ഉണ്ടായിരുന്ന ആളുകളുടെ നമ്പർ കേന്ദ്രീകരിച്ച് നിരവധിപേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.