ജില്ലാ സി.പി.എമ്മിനെ നയിക്കാൻ ഇനി ജോയി, പാർട്ടിമുഖം നന്നാക്കൽ മുന്നിലെ കടമ്പ

Friday 06 January 2023 3:50 AM IST

തിരുവനന്തപുരം:ആരോപണങ്ങളാൽ പ്രതിരോധത്തിലായ ജില്ലാ സി.പി.എമ്മിന്റെ മുഖം നന്നാക്കിയെടുക്കുകയെന്ന വെല്ലുവിളി നിറഞ്ഞ ജോലിയാണ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി. ജോയിക്ക് മുന്നിൽ. വലിയ കടമ്പയായി സി.പി.എം കരുതിയിരുന്ന വർക്കല സീറ്റ് പിടിച്ചെടുക്കാനും വർദ്ധിച്ച ഭൂരിപക്ഷത്തോടെ നിലനിറുത്താനും കഴിഞ്ഞതിലൂടെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ സ്വീകാര്യത നേടിയെടുക്കാനായ ജോയിക്ക് ഈ വെല്ലുവിളിയേറ്റെടുക്കാനാകുമെന്ന സംസ്ഥാനനേതൃത്വത്തിന്റെ വിശ്വാസമാണ് സ്ഥാനാരോഹണത്തിലേക്കെത്തിച്ചത്. മുൻ മേയർ സി.ജയൻബാബു,സി.അജയകുമാർ,യുവനേതാവ് കെ.എസ്. സുനിൽകുമാർ തുടങ്ങിയ പേരുകളൊക്കെ നേരത്തേ ചർച്ചയിലുയർന്നിരുന്നെങ്കിലും നറുക്കുവീണത് ജോയിക്കാണ്.ജില്ലയിലെ തീരദേശ ഗ്രാമമായ ചിറിയിൻകീഴിലെ അഴൂരിൽ നിന്നുയർന്ന് ജില്ലയിലെ പ്രമുഖ സി.പി.എം നേതാവായി വളർന്ന നേതാവാണ് അഡ്വ.വി.ജോയി. ഇപ്പോൾ സി.പി.എം സംസ്ഥാനസമിതിയംഗം.

ചെമ്പഴന്തി എസ്.എൻ കോളേജിൽ നിന്ന് തുടർച്ചയായി രണ്ട് വർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കേരള സർവകലാശാല യൂണിയൻ എക്സിക്യൂട്ടീവ് അംഗം,സെനറ്റ് അംഗം, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ,ജില്ലാ സെക്രട്ടറി,ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്നിങ്ങനെ സംഘടനാമികവ് തെളിയിച്ചു. രണ്ടുതവണ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും ജില്ലാ പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കുമാരനാശാൻ സ്മാരക ഗവേണിംഗ് ബോർഡംഗം,പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ,ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ,സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ്. കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ്.ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് 2016ൽ നിയമസഭാ സ്ഥാനാർത്ഥിയായി സി.പി.എം വർക്കല മണ്ഡലത്തിൽ നിയോഗിച്ചത്.എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തനകാലത്ത് മിന്നുന്ന പോരാട്ടവീര്യം കാണിച്ച ജോയിക്ക് സമരമുഖത്ത് നിന്ന് പൊലീസിന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരകാലത്ത് പൊലീസിന്റെ ചവിട്ടേറ്റ് നിലത്തുവീണ ജോയിയുടെ മുഖത്ത് പൊലീസ് ബൂട്ടിട്ട് ചവിട്ടി. അന്ന് താടിയെല്ലുകൾക്കുണ്ടായ പൊട്ടലിന്റെ കെടുതികൾ ഇന്നും ജോയിക്കുണ്ട്.