ചെങ്ങന്നൂരിൽ സ്നേഹോഷ്മള സ്വീകരണം , മണ്ഡലത്തിന്റെ മനം കവർന്ന് മന്ത്രി സജി​

Friday 06 January 2023 12:03 AM IST
മന്ത്രിയായ ശേഷം വീട്ടിലെത്തിയ സജി ചെറിയാൻ അമ്മ ശോശാമ്മ ചെറിയാനോടൊപ്പം

മാന്നാർ: മന്ത്രിയായി വീണ്ടും തിരക്കുകളിലേക്ക് നീങ്ങിയിട്ടും സ്വന്തം മണ്ഡലത്തിൽ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പരിപാടികളിൽ പങ്കെടുക്കാൻ സജി ചെറിയാനെത്തി. രണ്ടാമൂഴം മന്ത്രിയായ ശേഷം ആദ്യമായി ചെങ്ങന്നൂരിലെത്തുന്ന തങ്ങളുടെ നായകനെ കാണാൻ പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും കൊഴുവല്ലൂർ തെങ്ങുംതറയിൽ വീട്ടിൽ കാത്തു നിൽപ്പുണ്ടായിരുന്നു.

തിരുവനന്തപുരത്തു നിന്നു രാവിലെ 9 ഓടെ വീട്ടിലെത്തിയ മന്ത്രി ആശംസകൾ അറിയിച്ചവർക്കെല്ലാം നന്ദി പറഞ്ഞ ശേഷം നേരേ ചെന്നത് അമ്മ ശോശാമ്മ ചെറിയാന്റെയടുത്തേക്ക്. അമ്മയെ കെട്ടിപ്പിടിച്ച് സത്യപ്രതിജ്ഞ ചടങ്ങുകളുടെ വിശേഷങ്ങൾ പങ്കുവച്ചു. അപ്പോഴേക്കും കേന്ദ്ര അവഗണനയ്ക്കെതിരെ സി.പി.എം നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഗൃഹസന്ദർശനത്തിന് പ്രവർത്തകർ എത്തി. തുടർന്ന് അവരോടൊപ്പം കൊഴുവല്ലൂർ ബൂത്തിലെ വീടുകളിൽ സന്ദർശനം. പിന്നീട് കൊഴുവല്ലൂർ ലൂർദ് മാതാ വിസിറ്റേഷൻ കോൺവെന്റിൽ എത്തിയ മന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജോയിക്കുട്ടി, മുളക്കുഴ പഞ്ചായത്തംഗം കെ.സി ബിജോയ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം സോനു പി.കുരുവി, രതീഷ് തങ്കച്ചൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന എം.കെ. ദിവാകരന് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും സി.പി.എമ്മും ചേർന്ന് നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടള വയ്പായിരുന്നു അടുത്ത ചടങ്ങ്. സ്ഥലത്തെത്തിയ മാദ്ധ്യമ പ്രവർത്തർക്ക് മറുപടി നൽകിയ ശേഷം എം.എൽ.എ ഓഫീസിലേക്ക്. ഓഫീസ് ചുമതലയുള്ള രമേശ് പ്രസാദ്, സി.വി. ഷാജി, ജിബിൻ ഗോപിനാഥ് എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. 10.30 ന് ഓൺലൈനിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തു. എം.എൽ.എ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവരെ കണ്ട ശേഷം കൃഷി വകുപ്പിന്റെ ചെങ്ങന്നൂർ സമൃദ്ധി റിവ്യൂവിനായി ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിലേക്ക്. കോളേജിലെത്തിയ മന്ത്രിക്ക് നേവി, എൻ.സി.സി കേഡറ്റുകൾ ഗാർഡ് ഒഫ് ഓണർ നൽകി. കോളേജിൽ അടുത്ത മാസം നടക്കുന്ന തരംഗ് ടെക്ക് ഫെസ്റ്റ് റിവ്യൂവിലും മന്ത്രി പങ്കെടുത്തു.

പിന്നീട് പുലിയൂർ പാലച്ചുവട് മന്നം മെമ്മോറിയൽ എൻ.എസ്.എസ് സ്കൂൾ വാർഷിക ഉദ്ഘാടനം. അവിടെ നിന്നു മാന്നാർ പാവുക്കരയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മങ്കൊമ്പിലേക്ക്. കഴിഞ്ഞ ദിവസം അന്തരിച്ച ഗാനരചയിതാവ് ബിയാർ പ്രസാദിന്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. പിന്നീട് സി.പി.എം ജില്ല കമ്മിറ്റി ഓഫീസിൽ എത്തിയ മന്ത്രിയെ ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആലപ്പുഴയിൽ നടന്ന ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലും മന്ത്രി പങ്കെടുത്തു.