ടൂറിസം കേന്ദ്രങ്ങൾ ഹൗസ്‌ഫുൾ
തുടർച്ചയായെത്തിയ പ്രളയം, പിന്നാലെ കൊവിഡ് എന്നിവ കാരണം നാല് വർഷത്തിലേറെയായി നിശ്ചലമായ മേഖലയായിരുന്നു ലക്ഷങ്ങളുടെ ജീവിതോപാധിയായ ടൂറിസം. കൊവിഡ് കാലത്ത് ചെറുകിട വ്യവസായ സംരംഭങ്ങൾ മുതൽ വൻ മുടക്കുമുതലുള്ള റിസോർട്ടുകളും ഹോട്ടലുകളും വരെ അടഞ്ഞ് കിടന്നു. ടൂറിസം മേഖലയിലെ ഭൂരിഭാഗം സംരംഭകരും വൻ കടബാധ്യതയിലെത്തിയിരുന്നു. ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗൈഡുകൾ, ഹോംസ്റ്റേ, റിസോർട്ട്, ഹോട്ടൽ നടത്തിപ്പുകാർ, സ്‌പൈസസ് മേഖലയിലുള്ളവർ, ചെറുകിട കച്ചവടക്കാർ എന്നിവരടക്കം ആയിരങ്ങൾ ആത്മഹത്യയുടെ വക്കിലായിരുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നിരവധിപ്പേർ ഇതിനകം ജീവനൊടുക്കി. ലോക്ക്ഡൗൺ കാലത്ത് അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ മൂന്നാറിൽ മാത്രം ദിനംപ്രതി 35 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് വിനോദ സഞ്ചാരമേഖലയിലുള്ളവർ പറയുന്നു.
ചെറുതും വലുതുമായി 700 ലേറെ റിസോർട്ടുകൾ മൂന്നാറിലും പരിസരങ്ങളിലുമുണ്ട്. 17,000 ത്തിലധികം പേരാണ് മൂന്നാറിനെ ചുറ്റിപ്പറ്റി തൊഴിൽചെയ്ത് ജീവിക്കുന്നത്. കൊവിഡ് ഭീതി പൂർണമായി ഒഴിഞ്ഞ ശേഷമുള്ള ക്രിസ്തുമസ്- പുതുവത്സര അവധിദിനങ്ങൾ ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകി. അവധി ദിനങ്ങൾ അടിച്ചു പൊളിക്കാൻ പതിനായിരങ്ങളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. കേരളത്തിലെതന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇടുക്കി ജില്ലയിലാണ്. മൂന്നാർ, രാമക്കൽമേട്, തേക്കടി, വാഗമൺ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടുക്കി ഹിൽവ്യൂ പാർക്ക് തുടങ്ങിയ പ്രമുഖകേന്ദ്രങ്ങൾക്ക് പുറമേ വെള്ളച്ചാട്ടങ്ങളും നീലക്കുറിഞ്ഞി മലകളുമടക്കം സഞ്ചാരികൾ ഇഷ്ടപ്പെടുന്ന നിരവധിയിടങ്ങൾ ജില്ലയിലുണ്ട്. ജില്ലയിലാകെ ഡി.ടി.പി.സിയുടെ കീഴിൽ 12 ടൂറിസം കേന്ദ്രങ്ങളാണുള്ളത്. സ്‌പൈസസ് പാർക്കുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, റെഡി ഫോട്ടോഗ്രാഫി തുടങ്ങി വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും നേരിയ ഉണർവ് വ്യക്തമാണ്.
നിറഞ്ഞു
കവിഞ്ഞ്
അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികൾ മൂന്നാറും വാഗമണ്ണും തേക്കടിയും അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിതോടെ ഇടുക്കി അക്ഷരാർത്ഥത്തിൽ ഹൗസ് ഫുള്ളായി. മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലെ പ്രധാന ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും മുറികളെല്ലാം ഡിസംബർ 23 മുതൽ ജനുവരി അഞ്ച് വരെ ബുക്കിംഗ് പൂർണമായിരുന്നു. പുതുവത്സരം ആഘോഷിക്കാൻ രണ്ട് ദിവസങ്ങളിലായി തേക്കടിയിലെത്തിയത് ആറായിരത്തിലേറെ സഞ്ചാരികളാണ്. 31ന് 3,231 പേരും ഒന്നാം തീയതി 3,410 പേരും തേക്കടി ബോട്ട് ലാൻഡിങ്ങിൽ എത്തിയതായി വനം വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനു പുറമേ ബോട്ട്‌ലാൻഡിങ്ങിൽ എത്താതെ തേക്കടിയുടെ സമീപപ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിയവരെ കൂടി ഉൾപ്പെടുത്തിയാൽ എണ്ണം പതിനായിരത്തിനു മുകളിലാകും. അവധിദിനങ്ങൾ ആഘോഷമാക്കാൻ പതിനായിരങ്ങളാണ് മൂന്നാറിലേക്ക് ഒഴുകിയെത്തിയത്. ഡിസംബർ 20 മുതൽ തുടങ്ങിയ തിരക്ക് ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ പത്തു ദിവസമായി മൂന്നാർ മേഖലയിൽ തിരക്ക് മൂലം മുറികൾ കിട്ടാത്ത അവസ്ഥയായിരുന്നു. ഫ്ളവർ ഗാർഡൻ, രാജമല, ബൊട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ വൻ തിരക്കായിരുന്നു. അമിത തിരക്ക് മൂലം പ്രവേശനം ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വന്നവരും ഏറെ. പുതുവർഷത്തലേന്നാണു മൂന്നാർ, വട്ടവട, ചിന്നക്കനാൽ മേഖലയിൽ ഏറ്റവുമധികം സഞ്ചാരികളെത്തിയത്. മുറികൾ ലഭിക്കാത്തതിനെ തുടർന്ന് പലരും വാഹനത്തിനുള്ളിലും മറ്റുമാണ് രാത്രി കഴിച്ചുകൂട്ടിയത്. കഴിഞ്ഞ നാലു ദിവസമായി മേഖലയിൽ അതിശൈത്യം തുടരുകയാണ്. ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷങ്ങൾക്കു മുന്നോടിയായി കഴിഞ്ഞ മാസം ഒന്നിനു തുറന്ന ഇടുക്കി- ചെറുതോണി അണക്കെട്ടുകളിൽ ഞായറാഴ്ച വരെ ഏകദേശം 32,000 പേർ കണ്ടു മടങ്ങിയെന്നാണ് ഹൈഡൽ ടൂറിസം വകുപ്പ് അധികൃതർ പറയുന്നത്. ഇതിലൂടെ 12 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഈ മാസം 31 വരെ അണക്കെട്ടുകളിൽ സന്ദർശനാനുമതി ഉണ്ട്. എന്നാൽ, ബുധനാഴ്ചകളിൽ പ്രവേശനമില്ല. തിരക്ക് ഏറെയുള്ള ക്രിസ്തുമസ്- ന്യൂ ഇയർ അവധിക്കാലമാണ് ഇടുക്കി ഹിൽവ്യൂ പാർക്കിലും കഴിഞ്ഞു പോയത്. കഴിഞ്ഞമാസം 20 മുതൽ ഞായറാഴ്ച വരെ ഇവിടേക്ക് എത്തിയത് 8,100 പേർ. ഇതിൽ 2,073 പേർ കുട്ടികളാണ്.
ഇടുക്കി- ചെറുതോണി അണക്കെട്ടുകളുടെ വിസ്മയ കാഴ്ചകൾ ഒരു ഫ്രെയിമിൽ എന്ന പോലെ കാണാനാകുന്ന പാർക്കിലേക്കുള്ള പ്രവേശന നിരക്ക് 20 രൂപയാണ്. കുട്ടികൾക്ക് 10 രൂപയും. പാർക്കിനുള്ളിൽ വിനോദ സഞ്ചാരികൾക്കായി ഒട്ടേറെ റൈഡുകളും ഉണ്ട്. വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിയത് പതിനായിരക്കണക്കിനു വിനോദസഞ്ചാരികളാണ്. ക്രിസ്തുമസ് മുതൽ പ്രതിദിനം 5,000 സഞ്ചാരികളാണു വാഗമൺ മൊട്ടക്കുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതെന്നാണു ഡി.ടി.പി.സിയുടെ കണക്കുകൾ. പരുന്തുംപാറ, പാഞ്ചാലിമേട് കേന്ദ്രങ്ങളിലെ സ്ഥിതിയും മറിച്ചല്ല. മൊട്ടക്കുന്നുകൾ, പുൽമേടുകൾ എന്നിവിടങ്ങൾ നിറഞ്ഞ് എല്ലാ ദിവസവും സഞ്ചാരികളാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികൾ വലിയ തോതിൽ ഇത്തവണ എത്തിയിരുന്നു. പുതുവത്സരത്തിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീനാരായണപുരം, പൊന്മുടി, കള്ളിമാലി, ചതുരംഗപ്പാറ എന്നിവിടങ്ങൾ സഞ്ചാരികളാൽ നിറഞ്ഞു. പുതുവത്സര ദിനത്തിൽ സൂര്യോദയം കാണാൻ ചതുരംഗപ്പാറ, കള്ളിപ്പാറ, സ്വർഗം മേട് എന്നിവിടങ്ങളിലും ഒട്ടേറെ സഞ്ചാരികളെത്തി.