ചെറുകിട പത്രപ്രവർത്തനത്തിന് ഉജ്ജ്വല മാതൃക

Friday 06 January 2023 12:00 AM IST

'' യഥാർത്ഥ പത്രപ്രവർത്തകനെ നയിക്കുന്നത് കർമ്മബോധമാണോ അടിയുറച്ച ആത്മാർത്ഥതയാണോ ?​" - ഒരു സാഹിത്യചർച്ചയ്ക്കിടയിലുയർന്ന ഈ ചോദ്യത്തിന് ഉത്തരം നൽകാൻ പാച്ചല്ലൂർ സുകുമാരന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ''ആത്മാർത്ഥത - " - സ്വന്തം പത്രപ്രവർത്തന ജീവിതത്തിലൂടെ പാച്ചല്ലൂർ തെളിയിച്ചതും ഈ സത്യമായിരുന്നു.

വഞ്ചിനാട് പത്രത്തിന്റെ പത്രാധിപരായിരുന്ന പാച്ചല്ലൂർ സുകുമാരൻ അന്തരിച്ചിട്ട് മൂന്നുവർഷം . തിരുവനന്തപുരത്തെ സാംസ്കാരികവേദിയിലെ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹം ചെറുകിട പത്രപ്രവർത്തക സമിതിയുടെ പ്രസിഡന്റുമായിരുന്നു. നല്ലൊരു എഴുത്തുകാരനും മികച്ച പ്രാസംഗികനുമായിരുന്ന പാച്ചല്ലൂരിന്റേത് പത്രപ്രവർത്തനരംഗത്തെ ഒറ്റയാൾ പോരാട്ടമായിരുന്നു.

20 വയസുമുതൽ ചെറുകഥകളും ഈടുറ്റ ലേഖനങ്ങളും രചിച്ചു. 'കൈത്തിരി" എന്നപേരി​ൽ മാസി​കയും പ്രസി​ദ്ധീകരി​ച്ചു.

റിട്ടയർചെയ്ത വർഷമാണ് 'വഞ്ചിനാട് പത്രം ആരംഭി​ക്കുന്നത്.

പത്രപ്രവർത്തനം ആരംഭി​ച്ചതുമുതൽ ജീവി​തം വെല്ലുവി​ളി​ നിറഞ്ഞതായി​. വീട്ടി​ൽത്തന്നെ സ്വന്തമായി പ്രസ് സജ്ജമാക്കി, പത്രമി​റക്കി. അദ്ദേഹം ആരംഭിച്ച വഞ്ചി​നാട് കലാവേദി​ തി​രുവനന്തപുരത്തെ സാംസ്കാരി​ക വേദി​യി​ൽ സജീവസ്ഥാനം നേടി​യെടുത്തു.

പണത്തി​നും പ്രീതി​യ്ക്കും വേണ്ടി​ പത്രധർമ്മം കൈവി​ടാൻ അദ്ദേഹം ഒരുക്കമായി​രുന്നി​ല്ല. ഒരു പ്രത്യേക കാലഘട്ടത്തി​ൽ, കേരളത്തി​ലെ ചെറുപ്പക്കാരായ പല എഴുത്തുകാർക്കും വഞ്ചി​നാട് പത്രം അവസരങ്ങളൊരുക്കി​. എല്ലാമാസവും തീർത്ഥപാദ മണ്ഡപത്തിൽ ഒത്തുകൂടുന്ന 'കൂട്ടായ്മ"യിൽ പ്രതിഭാശാലികളായ പലപ്രമുഖരും മുടങ്ങാതെ പങ്കെടുത്തു. ഡോക്ടർ ശൂരനാട് കുഞ്ഞൻപിള്ള, മഹാകവി എം.പി അപ്പൻ, പ്രൊഫ. ഗുപ‌്‌തൻനായർ, ഒ.എൻ.വി, ഡോ.ബി.സന്ധ്യ, പുതുശേരി രാമചന്ദ്രൻ, പ്രൊഫ. ജി.എൻ. പണിക്കർ, ഡോ. അയ്യപ്പപണിക്കർ തുടങ്ങി സാംസ്കാരികവേദിയിൽ നിറഞ്ഞുനിന്നിരുന്ന പലരും വഞ്ചിനാട് കലാവേദിക്കു മുതൽക്കൂട്ടായി. വർഷംതോറും കൃത്യമായി പി.കെ. ബാലകൃഷ്ണൻ സ്മാരക അവാർഡിനുവേണ്ടി ചെറുകഥാ മത്സരം നടത്തി പ്രതിഭാശാലികളെ കണ്ടെത്തി.

നല്ലൊരു പ്രഭാഷകനായിരുന്ന പാച്ചല്ലൂർ സുകുമാരൻ മികച്ച സംഘാടകനുമായിരുന്നു.

പത്രത്തിൽനിന്നും കാര്യമായ വരുമാനമില്ലാതിരുന്നിട്ടും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്ത് അദ്ദേഹം പത്രം മുന്നോട്ടുകൊണ്ടുപോയി; അതോടൊപ്പം കലാവേദിയും. അക്ഷരാർത്ഥത്തിൽ അതൊരു ഒറ്റയാൾ പ്രവർത്തനമായിരുന്നു. സ്വയം വാർത്തകൾ ശേഖരിച്ച്, സ്വന്തം പ്രസിൽ അച്ചടിച്ച് സ്വയം വിതരണം ചെയ്തിരുന്ന അദ്ദേഹം ചെറുകിട പത്രപ്രവർത്തനത്തിന് ഉജ്ജ്വലമായ മാതൃകയായിരുന്നു. എല്ലാ ചെറുകിട പത്രപ്രവർത്തകർക്കും മാർഗദർശിയായി സ്മരണകളിൽ ആ ദീപം അണയാതെ നിൽക്കട്ടെ.