ഹൃദയപൂർവം ഡോക്ടർ കൃഷ്ണമനോഹർ

Friday 06 January 2023 12:00 AM IST

' തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനു പഠിക്കുമ്പോൾ,കോളേജിലേക്ക് പോകുംവഴി എന്നും കാണാറുള്ള ചിത്ര മെഡിക്കൽ സെന്റർ എന്ന് പേരെഴുതിയ കെട്ടിടത്തിൽ കാർഡിയാക് സർജറി യൂണിറ്റ് വരുന്നെന്നറിഞ്ഞപ്പോൾ ഒരുനാൾ അവിടെ സ്പെഷ്യലിസ്റ്റായി താനും എത്തുമെന്ന് സ്വപ്നം കണ്ടിരുന്നുവെന്ന് ഡോ.എസ്.ആർ.കൃഷ്ണമനോഹർ എന്നോട് പറഞ്ഞിട്ടുണ്ട്. എം.ബി.ബി.എസ്.ഒന്നാംറാങ്കിൽ പാസായ ശേഷം കാലിക്കറ്റ് മെഡിക്കൽ കോളേജിൽനിന്ന് എം.എസും

പാസായ കൃഷ്ണമനോഹർ ശ്രീചിത്ര തുടങ്ങിയ എം.സി.എച്ച് കോഴ്സിൽ പ്രവേശിക്കുകയായിരുന്നു. പ്രവേശന പരീക്ഷയിലൂടെയാണ് ചിത്രയിൽ പഠിക്കാനെത്തിയത്. അത്ര ബ്രൈറ്റ് സ്റ്റുഡന്റായിരുന്നു. മൂന്നുവർഷത്തെ കോഴ്സാണ്. മിടുക്കനായ കൃഷ്ണമനോഹർ വേഗം എന്റെ പ്രിയപ്പെട്ട സ്റ്റുഡന്റായി. അവിടെ ആദ്യം പീഡിയാട്രിക് കാർഡിയാക് സർജറി ഞാൻ ചെയ്യുമ്പോൾ എന്നെ അസിസ്റ്റ് ചെയ്തത് പഠനം കഴിഞ്ഞ് അവിടെ ജോയിൻ ചെയ്ത കൃഷ്ണമനോഹറായിരുന്നു.'--ശ്രീചിത്ര സ്ഥാപക ഡയറക്ടറും രാജ്യത്തെ പ്രശസ്ത ഭിഷഗ്വരനുമായ എം.എസ്.വല്യത്താൻ സംസാരിക്കുകയായിരുന്നു. കൃഷ്ണമനോഹറിനെക്കുറിച്ച് ഡോ.വല്യത്താന് എത്രപറഞ്ഞാലും മതിയാവില്ല.' കുഞ്ഞുങ്ങൾക്ക് ജന്മനാ ഉണ്ടാകുന്ന ഹൃദയവൈകല്യത്തിന് ഞാനൊക്കെ പഠിക്കുമ്പോൾ മതിയായ ചികിത്സയില്ലായിരുന്നു. രണ്ടും മൂന്നും വയസാകുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എന്നാൽ പീഡിയാട്രിക് കാർഡിയാക് സർജറി വന്നതോടെ വിപ്ളവകരമായ മാറ്റമാണ് ഈ രംഗത്തുണ്ടായത്. അതിൽ അതിപ്രഗത്ഭനായി കൃഷ്ണമനോഹർ മാറി. ഡോ.വല്യത്താൻ പറഞ്ഞു.

കൃഷ്ണമനോഹർ ശ്രീചിത്രയിൽ പ്രവർത്തിക്കുമ്പോൾ പുതുജീവിതത്തിലേക്ക് തിരികെയെത്തിയ നൂറുകണക്കിനു കുഞ്ഞുങ്ങളുണ്ട്. ശ്രീചിത്രയുടെ ഭാഗമായി തുടങ്ങിയ സാങ്കേതികവിദ്യാ ഗവേഷണങ്ങളിലും അദ്ദേഹം പങ്കുവഹിച്ചു. അന്ന് ചികിത്സാ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇവിടെ അതുകൂടി വികസിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്ന് അന്നത്തെ മുഖ്യമന്ത്രി അച്ചുതമേനോനും അദ്ദേഹത്തിന്റെ വലംകൈയെന്ന് വിശേഷിപ്പിക്കാവുന്ന പ്ളാനിംഗ് സെക്രട്ടറി ഡോ.പി.കെ.ഗോപാലകൃഷ്ണനും ഡോ.വല്യത്താനോട് പറഞ്ഞു. അങ്ങനെയാണ് പൂജപ്പുര മുടവൻമുകളിൽ ചിത്രയുടെ സെന്റർ തുടങ്ങിയത്. പ്രൊഫഷനെ ജീവനായിട്ടാണ് കൃഷ്ണമനോഹർ കണ്ടത്. ശ്രീചിത്രയിൽ വലിയ രീതിയിൽ ആ ഡിപ്പാർട്ട്മെന്റ് വളർത്തിയെടുക്കുന്നതിലും പങ്കുവഹിച്ചു. പതിനഞ്ച് വർഷം മുമ്പാണ് ചെന്നൈയിലെ ഡോ.ചെറിയാന്റെ ആശുപത്രിയിലേക്ക് മാറിയത്. അവിടെ പ്രവർത്തിക്കുമ്പോൾ സത്യസായിബാബ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചത്തീസ്ഗഢിലെ റായ്പൂരിൽ ആരംഭിക്കുന്ന ഹോസ്പിറ്റലിലേക്ക് ഡോ.വല്യത്താനാണ് കൃഷ്ണ മനോഹറിനെ ക്ഷണിച്ചത്. മെഡിക്കൽ പ്രൊഫഷനെ ഒരിക്കൽപ്പോലും സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ലാത്ത കൃഷ്ണമനോഹർ ആ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു. സൗജന്യമായി കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിയാണ് സത്യസായിസഞ്ജീവനി ഹോസ്പിറ്റൽ. ഒരു ടീമായിട്ടാണ് കൃഷ്ണ മനോഹർ അവിടെയത്തിയത്. ആ ആശുപത്രി വലിയരീതിയിൽ അംഗീകരിക്കപ്പെട്ടതോടെ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബംഗളൂരുവിലെ വൈറ്റ് ഫീൽഡിലും തുടർന്ന് ഹരിയാനയിലെ പൽവാലിലും കുട്ടികൾക്കായി ആശുപത്രി തുടങ്ങി. പീഡിയാട്രിക് കാർഡിയാക് സർജറിയിലൂടെ നൂറുകണക്കിനു കുട്ടികൾക്ക് അവിടെയും കൃഷ്ണമനോഹർ പുനർജന്മം നൽകി.

പൽവാലിൽ വച്ചായിരുന്നു അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായത്. ഫരീദാബാദിൽ എത്തിച്ചെങ്കിലും വിലപ്പെട്ട ആ ജീവൻ രക്ഷിക്കാനായില്ല.സത്യസായി ട്രസ്റ്റ് തെലുങ്കാനയിൽ തുടങ്ങാനിരുന്ന പുതിയ ആശുപത്രിയിലേക്കും കൃഷ്ണ മനോഹർ പോകാനിരിക്കുകയായിരുന്നു. അറുപത്തിയേഴ് വയസേ ആയിരുന്നുള്ളൂ. ഇനിയും എത്രയോകാലം ആയിരക്കണക്കിനു കുഞ്ഞുങ്ങൾക്ക് കവചമാകേണ്ട ഡോക്ടറാണ് വിടപറഞ്ഞത്. മൃതദേഹം കൃഷ്ണ മനോഹറിന്റെ ആഗ്രഹപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുനൽകുകയായിരുന്നു. മൂന്നാഴ്ച മുൻപും വീട്ടിൽവന്നുപോയിരുന്നു. ഈ മാസം പതിനഞ്ചിന് വരാനിരിക്കുകയായിരുന്നു.

കൊല്ലം അഞ്ചലിൽ പനച്ചവിള രമാസദനത്തിൽ പരേതനായ എ.എൻ. സോമന്റെയും രമാദേവിയുടെയും മകനായാണ് ജനനം. കൊല്ലം എസ്.എൻ.കോളേജിലാണ് പ്രീഡിഗ്രിക്കു പഠിച്ചത്.

നഗരങ്ങളിൽ പഠിക്കുകയും ജോലിചെയ്യുകയും ചെയ്തെങ്കിലും മനോഹർ എന്നും തനി നാട്ടിൻ പുറത്തുകാരനായിരുന്നെന്നും ആ നന്മയും വിശുദ്ധിയും എക്കാലവും കാത്തുസൂക്ഷിച്ചിരുന്നെന്നും ഡോ.വി.രാമൻകുട്ടി പറഞ്ഞു.'പഠിക്കുന്ന കാലത്തേ എനിക്ക് അറിയാം. മനോഹർ എന്നാണ് ഞങ്ങൾ സുഹൃത്തുക്കൾ വിളിച്ചിരുന്നത്. സൗഹൃദങ്ങൾ വിലമതിച്ചിരുന്ന സുഹൃത്തായിരുന്നു.'-രാമൻകുട്ടി ഓർമ്മിച്ചു.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ റീ പ്രോഡക്ടീവ് മെഡിസിൻ വിഭാഗം മേധാവി ഡോ.ഷീലാ ബാലകൃഷ്ണനാണ് മനോഹറിന്റെ ഭാര്യ. ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെന്റിൽ അതിവിദഗ്ദ്ധയായ ഡോ.ഷീല പാവപ്പെട്ട രോഗികൾക്ക് അഭയമാകുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്. ഈ ദമ്പതികളുടെ ഏക മകൻ കിരൺ മനോഹർ എൻജിനീയറാണ്.

പ്രശസ്ത സർജനായിരുന്ന ഡോ.പി.കെ.ആർ.വാര്യർ പറയുമായിരുന്നു - ഡോക്ടർക്ക് കൈപ്പുണ്യം മാത്രം പോര. അലിവുള്ള ഒരു ഹൃദയം കൂടി വേണമെന്ന്. - അതു രണ്ടുമുണ്ടായിരുന്ന രാജ്യത്തെതന്നെ പ്രഗത്ഭനായ പീഡിയാട്രിക് കാർഡിയാക് സർജനായിരുന്നു മനോഹർ.

' നല്ല മനുഷ്യൻ എന്നുപറയുന്നത് ആരാണ്?

. ഭർതൃഹരിയുടെ ശ്ളോകം ഉദ്ധരിച്ച് ഡോ.വല്യത്താൻ വിശദീകരിച്ചു. മനസിലും വാക്കിലും ശരീരത്തിലും നന്മയുള്ളയാൾ. ഭൂതദയയുള്ളയാൾ. അന്യന്റെ ചെറിയനന്മകളെപ്പോലും പുകഴ്ത്തി അവന്റെ ഹൃദയവും മനസും സ്നേഹംകൊണ്ട് വികസിപ്പിക്കുന്നയാൾ. മൂന്നു ലോകങ്ങളിലും (അതായത് മനുഷ്യലോകം, ജന്തുലോകം സസ്യലോകം )നന്മചെയ്യുന്നയാൾ. അങ്ങനെയുള്ളവരാണ് നല്ല മനുഷ്യരെന്നാണ് രാജാവും സന്യാസിയുമായ ഭർതൃഹരി പറഞ്ഞതിന്റെ ഏകദേശരൂപം. നന്മയുള്ള മനുഷ്യനായിരുന്നു മനോഹർ. പേര് സൂചിപ്പിക്കുംപോലെ മനോഹരമായ മനസിന്റെ ഉടമ. ഡോക്ടർ കൃഷ്ണമനോഹറിന്റെ വിയോഗം ഇന്ത്യയ്ക്കു തീരാനഷ്ടമാണ്.