പത്താൻ സിനിമയ്‌ക്ക് പ്രദർശനാനുമതി;വിവാദ രംഗം നിലനിറുത്തി

Friday 06 January 2023 1:25 AM IST

ന്യൂഡൽഹി: ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ ജോഡിയുടെ നൃത്തരംഗത്തിലൂടെ വിവാദം സൃഷ്‌ടിച്ച ബോളിവുഡ് ചിത്രം പത്താന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. നിരവധി രംഗങ്ങളും സംഭാഷണങ്ങളും വെട്ടിമാറ്റാൻ ശുപാർശ ചെയ്‌ത സെൻസർ ബോർഡ് ദീപിക പദുക്കോണിന്റെ വിവാദ ഓറഞ്ച് ബിക്കിനി രംഗം നിലനിറുത്തി. രണ്ട് മണിക്കൂർ 26 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന് എ/യു സർട്ടിഫിക്കറ്റാണ് നൽകിയത്.

ബേഷാരം രംഗിലെ നഗ്‌‌ന രംഗങ്ങളുടെ ക്ലോസ് അപ്പ് ഷോട്ടുകളും ചില നൃത്ത ചുവടുകളും മാറ്റണമെന്ന് ശുപാർശ ചെയ്‌തപ്പോളാണ് ബിക്കിനി രംഗം നിലനിറുത്തിയത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ, അശോക് ചക്ര, എക്‌സ് കെ.ജിബി, മിസിസ് ഭാരത് മാതാ, സ്‌കോച്ച്, ബ്ലാക്ക് പ്രിസൺ റഷ്യ, പ്രധാനമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയ പരാമർശങ്ങൾ മാറ്റി മറ്റ് വാക്കുകൾ സെൻസർ ബോർഡ് നിർദ്ദേശിച്ചു.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ, നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ആഘോഷിക്കുന്ന ചിത്രമാണ്. ജനുവരി 25 ന് റിലീസ് ചെയ്യുന്ന ആക‌്‌ഷൻ ചിത്രത്തിൽ ജോൺ എബ്രഹാം പ്രധാന വേഷത്തിലുണ്ട്. സൽമാൻ ഖാൻ അതിഥി താരമായി എത്തുന്നു.