വഴിമുട്ടിയ വികസനം

Friday 06 January 2023 12:30 AM IST

എന്തിനും ഏതിനും എതിരെ വരുംവരായ്‌കകൾ വിലയിരുത്താതെ സമരം തുടങ്ങുക എന്നത് കേരളത്തിൽ സ്ഥിരം കലാപരിപാടിയാണ്. തുടക്കത്തിൽ കരമന - കളിയിക്കാവിള ദേശീയപാതാ വികസനത്തിനെതിരെ സമരം നടത്തിയിരുന്നു. വർഷങ്ങൾക്കുശേഷം ഈ ദേശീയപാതാ വികസനം വഴിമുട്ടിയതിനെതിരെ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള ദേശീയപാതാ വികസന ആക്‌ഷൻ കൗൺസിൽ. ഇതിന്റെ ആദ്യഘട്ടമായി ബാലരാമപുരം ജംഗ്‌ഷനിൽ 11ന് ജനകീയ ഉപവാസം സംഘടിപ്പിക്കുന്നു. ബാലരാമപുരം മുതൽ വഴിമുക്ക് വരെയുള്ള പാതവികസനം ഉടൻ ആരംഭിക്കുക, നഷ്ടപരിഹാരം പുതുക്കി നിശ്ചയിക്കുക, ബാലരാമപുരം ജംഗ്ഷനിൽ അണ്ടർ പാസേജ് നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

രണ്ടുവർഷം കൊണ്ട് കളിയിക്കാവിള വരെ വീതികൂട്ടുമെന്ന് അഞ്ചുവർഷം മുമ്പ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പ്രഖ്യാപിച്ച റോഡാണ് ഇപ്പോഴും ബാലരാമപുരം പോലും കടക്കാതെ വഴിമുട്ടിനിൽക്കുന്നത്. സർക്കാരിന്റെ പക്കൽ പണമില്ലാത്തതിനാൽ മറ്റ് സാങ്കേതിക തടസങ്ങൾ പറഞ്ഞ് വികസനം പരമാവധി വൈകിപ്പിക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാന നാളുകളിലാണ് ഈ പാതയ്ക്ക് തറക്കല്ലിട്ടത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിർമ്മാണം തുടങ്ങി. മൂന്ന് ഘട്ടമായി പണി പൂർത്തിയാക്കാനായിരുന്നു തീരുമാനം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള ആദ്യഘട്ടം പൂർത്തിയാക്കി. വഴിമുക്ക് വരെയുള്ള ഭാഗത്തെ പണികൾ പിണറായി സർക്കാരിന്റെ കാലത്താണ് തുടങ്ങിയത്. ബാലരാമപുരം ജംഗ്ഷൻ ഉൾപ്പെടുന്ന വഴിമുക്ക് വരെയുള്ള ഭാഗം വിട്ടുകൊടുക്കുന്നതിൽ തർക്കവും പ്രതിഷേധവും ഉയർന്നപ്പോൾ സർക്കാർ റോഡ് വികസനം ജംഗ‌്ഷന് സമീപം കൊടിനട വരെ എന്നാക്കി ചുരുക്കുകയായിരുന്നു. റോഡ് വികസിപ്പിച്ച കൊടിനട വരെയുള്ള സ്ഥലത്തിന്റെ മുഖച്ഛായതന്നെ മാറി. ബാലരാമപുരം ജംഗ്ഷൻ കീറാമുട്ടി ആണെങ്കിൽ അത് വിട്ടിട്ടുള്ള ഭാഗത്തെ വികസനവുമായി മുന്നോട്ട് പോവുകയാണ് സർക്കാർ ചെയ്യേണ്ടത്. എല്ലായിടവും വികസിക്കുമ്പോൾ പ്രതിഷേധവുമായി രംഗത്തുള്ള ചുരുക്കം ചിലർക്ക് പിടിച്ചുനിൽക്കാൻ പറ്റാതെ വരും. പ്രശ്നങ്ങളുള്ള സ്ഥലങ്ങൾ ഒഴിവാക്കി മുന്നോട്ടുപോകാനുള്ള ഇച്ഛാശക്തിയാണ് സർക്കാർ ഇക്കാര്യത്തിൽ കാണിക്കേണ്ടത്. ഇല്ലെങ്കിൽ വിഴിഞ്ഞം - പാരിപ്പള്ളി ഔട്ടർ റിംഗ് റോഡ് പൂർത്തിയായാലും കരമന - കളിയിക്കാവിള ദേശീയപാതാ വികസനം പൂർത്തിയാവാതെ കിടക്കും. തറക്കല്ലിട്ടിട്ട് 12 വർഷമായിട്ടും പൂർത്തിയാക്കാനാവാത്തത് നീതീകരിക്കാൻ കഴിയുന്നതല്ല. രാഷ്ട്രീയക്കാർ പൊതുവെ ഈ പാതയുടെ വികസനത്തിൽ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ലെന്നാണ് ഇപ്പോൾ നാട്ടുകാർ പരാതി പറയുന്നത്. പലപ്പോഴും യാഥാർത്ഥ്യബോധമില്ലാത്ത എതിർപ്പാണ് പല വികസന പ്രവർത്തനങ്ങൾക്കും തടസമാകുന്നത്. ഇക്കാര്യം നാട്ടുകാരും തിരിച്ചറിയണം.