കലയെ പരിപോഷിപ്പിക്കണം : സ്പീക്കർ

Friday 06 January 2023 12:43 AM IST

കൊടുങ്ങല്ലൂർ: സർഗാത്മകമായ വാസനകൾ വളർത്തിയെടുത്ത് കലയെ പരിപോഷിപ്പിക്കേണ്ടത് ജനാധിപത്യത്തിൽ അനിവാര്യമാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ. കൊടുങ്ങല്ലൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ആരംഭിച്ച 43ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കലോത്സവം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ. വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകളെ ഉത്തേജിപ്പിക്കുകയാണ് കലോത്സവ വേദികളുടെ ലക്ഷ്യം. അതുകൊണ്ട് അവ അച്ചടക്കത്തോടെ പൂർത്തീകരിക്കാൻ സാധിക്കണമെന്നും ആ വേദികൾ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. വി.ആർ.സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ എം.യു.ഷിനിജ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഗവ. പോളിടെക്‌നിക്ക് ഹൈസ്‌കൂളിലെ എട്ട് വേദികളിലായാണ് കലോത്സവം. 48 സ്‌കൂളുകളിൽ നിന്നായി 1500ൽപരം വിദ്യാർത്ഥികളാണ് 42 ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്. ശനിയാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെ കലോത്സവ വേദിക്ക് അരങ്ങ് വീഴും.