മച്ചാട് ചന്ദനമരം കൊള്ളയിൽ പ്രത്യേക അന്യേഷണ സംഘം

Friday 06 January 2023 12:46 AM IST

വടക്കാഞ്ചേരി : മച്ചാട് വനംവകുപ്പിന് കീഴിലുള്ള ചേപ്പലക്കോട് ഭാഗത്ത് നിന്നും വ്യാപകമായി ചന്ദന മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വാഴച്ചാൽ റേഞ്ച് ഓഫീസർ ഡെൽറ്റോ മൊറോനി, വെള്ളിക്കുളങ്ങര സെക്ഷൻ ഓഫീസർ സതീഷ് കുമാർ, ബീറ്റ് ഓഫീസർ റെജിഷ് എന്നിവർക്കാണ് അന്വേഷണ ചുമതല.

48 മണിക്കൂറിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സി.സി.എഫ് കെ.ആർ അനൂപാണ് ഉത്തരവിട്ടത്. കഴിഞ്ഞദിവസങ്ങളിൽ ചേപ്പലക്കോട് ഭാഗങ്ങളിൽ നിന്നും വൻ തോതിൽ ചന്ദന മരം മുറിച്ചു കടത്തിയിരുന്നു. കാതലുണ്ടോ എന്നറിയാൻ നിരവധി ചന്ദന മരങ്ങൾ മുറിച്ചിട്ടിരുന്നു. മറയൂർ, ചാലക്കുടി എന്നീ പ്രദേശങ്ങളിലെ പോലെ ധാരാളം ചന്ദന മരങ്ങളുള്ള വന പ്രദേശമാണ് മച്ചാട് വനപ്രദേശം. മുള്ളൂർക്കര മുടവൽ കുന്ന് വന മേഖലയിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ നാലു പേരെ ഏതാനും ദിവസം മുമ്പ് പിടികൂടിയിരുന്നു.