റേഷൻകടകളിൽ കളക്ടറുടെ പരിശോധന

Friday 06 January 2023 12:47 AM IST

തൃശൂർ: റേഷൻ കടകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി തൃശൂർ താലൂക്കിലെ അഞ്ച് റേഷൻ കടകളിൽ കളക്ടർ ഹരിത വി.കുമാർ പരിശോധന നടത്തി. തൃശൂർ താലൂക്കിലെ ചെമ്പൂക്കാവ്, പറവട്ടാനി, നെട്ടിശ്ശേരി, മണ്ണുത്തി ബൈപ്പാസ്, മണ്ണുത്തി മാർക്കറ്റ് എന്നിവിടങ്ങളിലെ റേഷൻ കടകളിലായിരുന്നു പരിശോധന. കടകളിലെ സ്‌റ്റോക്ക്, ഗുണനിലവാരം, വിലവിവരപ്പട്ടിക, വെയിംഗ് മെഷീന്റെ കൃത്യത, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിശോധിച്ചു.

നെട്ടിശ്ശേരിയിലെ റേഷൻകടയിൽ ഇ പോസ് മെഷീനിൽ നിന്നെടുത്ത ഫെയർ സ്റ്റോക്ക് രസീതുമായി ഒത്തുനോക്കിയപ്പോൾ പച്ചരി 150 കിലോ കുറവും പുഴുങ്ങലരി 114 കിലോ കൂടുതലും സ്‌റ്റോക്ക് കണ്ടെത്തി. സ്‌റ്റോക്കിലെ ഈ പൊരുത്തക്കേടുമായി ബന്ധപ്പെട്ട് കടയുടമയ്ക്ക് നോട്ടീസ് നൽകാൻ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. ജില്ലാ സപ്ലൈ ഓഫീസർ പി.ആർ ജയചന്ദ്രൻ, താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ, റേഷനിംഗ് ഇൻസ്‌പെക്ടർ ഇ.ആർ ലിനി തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.