കേരളവർമ്മയുടെ സ്‌നേഹം ഏറ്റുവാങ്ങാൻ അവരെത്തി

Friday 06 January 2023 12:48 AM IST

തൃശൂർ : കേരളവർമ്മ കോളേജിൽ മസ്‌കുലർ ഡിസ്‌ട്രോഫി ബാധിതരെത്തിയപ്പോൾ അത് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വ്യത്യസ്ത അനുഭവമായി. കോളേജും കോളേജ് യൂണിയനും ചേർന്ന് സംഘടിപ്പിച്ച പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു ജീവിതം മുഴുവൻ നാല് ചുമരുകൾക്കിടയിൽ കഴിയാൻ വിധിക്കപ്പെട്ട മസ്‌കുലർ ഡിസ്‌ട്രോഫി ബാധിതരെത്തിയത്. ആട്ടവും പാട്ടുമായി അവരവിടെ നിമിഷങ്ങൾ ചെലവഴിച്ചു. പുറം ലോകത്തേയ്ക്ക് വിസ്തൃതമായ വാതിലുകൾ തുറന്നുവെച്ച കേരളവർമ്മയുടെ കുട്ടികളുടെ സ്‌നേഹം ആവോളം ഏറ്റുവാങ്ങി. കുട്ടികളുടെ സംഗീതബ്രാൻഡായ ധ്രുവം ഗാനങ്ങൾ ആലപിച്ചാണ് കുട്ടികളും മുതിർന്നവരും അടങ്ങുന്ന സംഘത്തെ വരവേറ്റത്. പഞ്ചവാദ്യവും പാണ്ടിയും ഉയർന്നുകേട്ടു. മേളം മുറുകിയ നിമിഷങ്ങളിൽ ജീവിതം നൽകിയ വൈകല്യങ്ങളെ അതിജീവിച്ച് പലരും താളം പിടിച്ച നിമിഷം അതിവൈകാരികമായി. അവർക്കായി ഉച്ചഭക്ഷണവും ഒരുക്കി. പ്രിൻസിപ്പൽ ഇൻ ചാർജ് വി.എ.നാരായണ മേനോൻ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ കെ.എ.അപർണ്ണ തുടങ്ങിയവർ സംസാരിച്ചു.