യുക്രെയിനിൽ താത്കാലിക വെടിനിറുത്തൽ ഉത്തരവിട്ട് പുട്ടിൻ
Friday 06 January 2023 6:40 AM IST
മോസ്കോ : ഓർത്തഡോക്സ് ക്രിസ്മസ് ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ യുക്രെയിനിൽ രണ്ട് ദിവസത്തെ വെടിനിറുത്തലിന് ഉത്തരവിട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഓർത്തഡോക്സ് വിഭാഗം പഴയ ജൂലിയൻ കലണ്ടർ പിന്തുടരുന്നതിനാൽ ഇരുരാജ്യങ്ങളിലും ജനുവരി 7നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.
രാജ്യത്തെ ഓർത്തഡോക്സ് നേതാവ് പേട്രിയാർക് കിറിലിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് പുട്ടിന്റെ തീരുമാനം. പ്രാദേശിക സമയം, ഇന്ന് ഉച്ചയ്ക്ക് 12 മുതൽ നാളെ അർദ്ധരാത്രി 12 മണി വരെയാണ് വെടിനിറുത്തൽ. യുക്രെയിൻ പക്ഷത്തോടും വെടിനിറുത്തലിന് റഷ്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അധിനിവേശം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പുട്ടിൻ മുഴുവൻ സമയ വെടിനിറുത്തലിന് ഉത്തരവിടുന്നത്.
അതേ സമയം, റഷ്യയുടെ തീരുമാനം കാപട്യമാണെന്ന് യുക്രെയിൻ പ്രസിഡന്റിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് മിഖൈലോ പൊഡൊലൈക് പ്രതികരിച്ചു.