ഹിജാബ് വിരുദ്ധ പ്രക്ഷോഭം: അറസ്‌റ്റിലായ നടി മോചിതയായി
ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണയറിയിച്ചതിന് ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്ത പ്രമുഖ സിനിമാ നടി തരാനെ അലിദൂസ്തി മോചിതയായി. 18 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ബുധനാഴ്ചയാണ് തരാനെയ്ക്ക് ജാമ്യം നൽകിയത്. ഡിസംബറിലായിരുന്നു തരാനെ അറസ്റ്റിലായത്.
ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നെങ്കിലും ഡിലീറ്റ് ചെയ്യപ്പെട്ടു. അതിന് മുന്നേ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹിജാബില്ലാതെയുള്ള തന്റെ ചിത്രവും 38കാരിയായ തരാനെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
പ്രതിഷേധങ്ങളിൽ അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പൊലീസ് നടിയെ അറസ്റ്റ് ചെയ്തത്. 2017ൽ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാർ നേടിയ ' ദ സെയിൽസ്മാനി "ലെ നായികയാണ് തരാനെ. തരാനെയുടെ മോചനം ആവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള നിരവധി സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.