സന്ദർശകർക്ക് മുന്നിൽ സിംഹങ്ങളുടെ ഏറ്റുമുട്ടൽ

Friday 06 January 2023 7:18 AM IST

ലണ്ടൻ : സന്ദർശകർ നോക്കി നിൽക്കെ പെൺ സിംഹത്തെ ആക്രമിച്ച് കൊന്ന് ആൺ സിംഹം. യു.കെയിലെ വിൽറ്റ്‌ഷെയറിലുള്ള ലോംഗ്‌ലീറ്റ് സഫാരി പാർക്കിൽ പുതുവർഷ ദിനത്തിലായിരുന്നു സംഭവം. നിരവധി പേർ കുടുംബത്തോടൊപ്പം പാർക്കിൽ എത്തിയിരുന്നു. ഇതിനിടെയാണ് സിംഹങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഇത്തരം സംഭവങ്ങൾ പാർക്കുകളിൽ വളരെ അപൂർവമാണ്. പരിക്കേറ്റ സിംഹത്തെ മൃഗശാല അധികൃതർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണം നടന്നപ്പോൾ തന്നെ ഈ സിംഹത്തിന്റെ ജീവൻ ഏറെക്കുറെ നഷ്ടപ്പെട്ട നിലയിലായിരുന്നു. പാർക്കിലെ വിദഗ്ദ്ധരായ പരിശീലകരെത്തി അക്രമാസക്തമായ സിംഹത്തെ അവിടെ നിന്ന് മാറ്റി. സന്ദർശകർക്കാർക്കും സംഭവത്തിൽ അപകടം സംഭവിച്ചിട്ടില്ല. അതേ സമയം, ഇതേ സഫാരി പാർക്കിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് താപനില കുറഞ്ഞതിനെ തുടർന്ന് രണ്ട് റെഡ് പാണ്ട കുഞ്ഞുങ്ങൾ ചത്തിരുന്നു. പാണ്ടകളിലെ ഏറ്റവും അപൂർവമായ വിഭാഗങ്ങളിലൊന്നാണ് റെഡ് പാണ്ട.