'പട്ടിയും പൂച്ചയുമൊന്നും മനുഷ്യരല്ല'; വാഹനമിടിച്ച് തെരുവ്നായ കൊല്ലപ്പെട്ട കേസിൽ യുവാവിനെതിരെ എഫ്‌ഐ‌ആർ റദ്ദാക്കി കോടതി

Friday 06 January 2023 8:57 AM IST

മുംബയ്: തെരുവ്‌നായ് വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ഫുഡ് ഡെലിവറി ബോയായി ജോലി നോക്കുന്ന യുവാവിനെതിരായുളള എഫ്‌ഐആർ റദ്ദാക്കി കോടതി. ബോംബെ ഹൈക്കോടതിയാണ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മാനസ് ഗോഡ് ബോലെ (20)യ്‌ക്കെതിരായ എഫ്‌ഐ‌ആർ റദ്ദാക്കിയത്. ജസ്‌റ്റിസുമാരായ രേവതി മോഹിതെ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരുടെ ബെഞ്ചാണ് സ്വിഗ്ഗിയിൽ ഡെലിവറി ബോയായ മാനസിനെതിരായി ഒരു നായ സ്‌നേഹി നൽകിയ പരാതിയിലെ നടപടി റദ്ദാക്കിയത്. ഇന്ത്യൻ ശിക്ഷാനിയമം 297,337 പ്രകാരമായിരുന്നു നേരത്തെ മാനസിനെതിരെ കേസെടുത്തിരുന്നത്.

'ഉടമകൾക്ക് നായകളും പൂച്ചകളുമൊക്കെ അവരുടെ മക്കളെപ്പോലെയാകാം. എന്നാൽ ജൈവശാസ്‌ത്രപരമായി നോക്കിയാൽ അടിസ്ഥാനപരമായി അവ മനുഷ്യരല്ല. അതിനാൽ നിയമപരമായി ഈ വകുപ്പുകൾ ആരോപണവിധേയന് ബാധകമല്ല' എന്നതായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.

2020 ഏപ്രിൽ 11ന് മറൈൻ ഡ്രൈവിൽ വച്ചാണ് തെരുവ് നായയെ മാനസ് ഓടിച്ചിരുന്ന ബൈക്കിടിച്ചത്. ഗുരുതരമായി പരിക്കേറ്റ നായയ്‌ക്ക് ജീവൻ നഷ്‌ടമായി. അപകടത്തിൽ തെന്നിവീണ് മാനസിനും പരിക്കേറ്റിരുന്നു. ഈ സംഭവത്തിലാണ് നായസ്‌നേഹിയായ ഒരാൾ പരാതി നൽകിയത്. മാനസിന് നായയെ കൊല്ലണമെന്ന് മുൻധാരണ ഉണ്ടായിരുന്നില്ലെന്നും ഭക്ഷണവിതരണത്തിന് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് മനസിലാകുന്നതായും കോടതി അറിയിച്ചു.