പകൽ ചൂടാകും, രാത്രിയിൽ കൂളാകും.

Saturday 07 January 2023 12:55 AM IST

കോട്ടയം . പുതുവർഷപ്പുലരിയ്ക്ക് ശേഷം ജില്ലയിൽ പകൽച്ചൂടും രാത്രിയിൽ തണുപ്പും വർദ്ധിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 ന് ജില്ലയിൽ താപനില 33 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷവും ഈ വർഷവും കോട്ടയം ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 36.8 ഡിഗ്രിയാണ്. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാവിലെയും ഉച്ചയ്ക്കും പുറത്തിറങ്ങണമെങ്കിൽ കുടചൂടാതെ തരമില്ല. രാത്രികാലങ്ങളിൽ കൊടും തണുപ്പും. പുലർച്ചെ മൂടൽ മഞ്ഞും. ഇതോടെ രോഗങ്ങളും വ്യാപകമായി. പകൽ സമയങ്ങളിൽ വൈദ്യുതി ഉപഭോഗവും എ സി, ഫാൻ തുടങ്ങിയവയുടെ വില്പനയും വർദ്ധിച്ചു. ഇരുചക്രവാഹനയാത്രികർ, ഫീൽഡിൽ പ്രവർത്തിക്കുന്നവർ, ഓട്ടോ ടാക്‌സി തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർ ചൂടിൽ ബുദ്ധിമുട്ടുകയാണ്. ഇതിനിടയിൽ ഗതാഗതക്കുരുക്കും കൂടിയാകുമ്പോൾ ജനം ശരിക്കും വിയർക്കും. പകൽ സമയത്തെ ഉയർന്ന താപനിലയും രാത്രിയിലെ തണുപ്പും രോഗസാദ്ധ്യത വർധിപ്പിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുന്നൻ കുര്യൻ പറയുന്നു.

തുലാമഴ ഡിസംബർ പകുതിയോടെ അവസാനിച്ചതാണ് കാലാവസ്ഥയിലുണ്ടായ മാറ്റത്തിന് കാരണം.

ശീതള പാനീയങ്ങൾക്ക് ഡിമാൻഡേറി.

ചൂട് വർദ്ധിച്ചതോടെ ശീതളപനീയ വിപണിയും സജീവമായി. നാരങ്ങവെള്ളം, സർബത്ത്, കരിക്ക് എന്നിവയ്ക്കും തണുത്ത കുപ്പി വെള്ളത്തിനും ഡിമാൻഡേറി. നാരങ്ങായ്ക്ക് വില കൂടിയെങ്കിലും ചൂടിൽ നിന്ന് അല്പം ആശ്വാസം ലഭിക്കാൻ നാരങ്ങാ വെള്ളത്തിനാണ് ആവശ്യക്കാർ ഏറെ.

കരുതൽ വേണം, ശ്രദ്ധിക്കാം ഇവ.

ദിവസവും കുറഞ്ഞത് 3 ലീറ്റർ വെള്ളം കുടിക്കുക.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.

തണുത്ത വെള്ളം രോഗങ്ങൾക്കിടയാക്കും.

പഴവർഗങ്ങൾ കൂടുതലായി ഉപയോഗിയ്ക്കുക.

വെയിലത്തു കുട ഉപയോഗിക്കുന്നതു ശീലമാക്കുക.

ചൂട് കൂടുതലുള്ളപ്പോൾ കാൽനടയാത്ര ഒഴിവാക്കുക.

ദിവസം 3 തവണയെങ്കിലും കണ്ണ് കഴുകണം.