തീവില, കൊള്ളയടിച്ച് ഹോർട്ടികോർപ്പും

Saturday 07 January 2023 12:34 AM IST

കോട്ടയം . നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനിടെ ആശ്വാസമാകേണ്ട ഹോർട്ടികോർപ്പും അധിക വില ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നു. വിപണിയിലെ പച്ചക്കറി വില നിയന്ത്രിക്കാൻ ഹോട്ടികോർപ്പ് വഴി കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ വിതരണം ചെയ്യുമെന്ന സർക്കാർ വാഗ്ദാനം കടലാസിലൊതുങ്ങി. പൊതുവിപണിയിലേതിനെക്കാൾ ഇരട്ടിവിലയിലാണ് ഹോർട്ടികോർപ്പിലെ പച്ചക്കറി വില.

ജില്ലയിൽ സപ്ലൈകോ ഓഫീസിന് സമീപത്തായുള്ള ചെറിയ മുറിയിലാണ് ഹോർട്ടികോർപ്പ് സ്ഥിതി ചെയ്യുന്നത്. ഒരു ദിവസം 50 കിലോ പച്ചക്കറി മാത്രമാണ് എത്തുന്നത്. ഉപഭോക്താക്കൾക്ക് ആവശ്യമായ പച്ചക്കറി പലപ്പോഴും ലഭിക്കാറില്ല. കൂടുതൽ പച്ചക്കറികൾ സംഭരിക്കാനുള്ള സംവിധാനവുമില്ല. ഔട്ട്‌ലെറ്റ് സ്ഥിതി ചെയ്യുന്നത് അറിയാത്തവരും നിരവധിയാണ്.

ഹോർട്ടി കോർപ്പ് വില (ബ്രായ്ക്കറ്റിൽ ചില്ലറ വിപണി വില).

കാരറ്റ് 64 (60), ബീറ്റ്‌റൂട്ട് 44 (30), ഉരുളക്കിഴങ്ങ് 44 (44), സവാള 33 (30), തേങ്ങ 46 (36), ഏത്തയ്ക്ക 48 (52), മുളക് 62 (68), മാങ്ങ 88 (80), തക്കാളി 34 (44), കൂർക്ക 58 (40), മുരിങ്ങക്ക 160 (160), വഴുതനങ്ങ 42 (44), പയർ 58 (60), പാവയ്ക്ക 54 (46), വെണ്ടയക്ക 78 (80).

കപട കർഷകപ്രേമം.

കർഷകരെ സഹായിക്കുന്നതിനായി നിരവധി കർഷക സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കർഷകരുടെ ഉല്പന്നങ്ങൾ സംഭരിക്കുന്നതിനും ന്യായവിലയ്ക്ക് എടുത്ത് വിറ്റഴിക്കുന്നതിനും സാധിക്കുന്നില്ല. നേരങ്ങാടി, കർഷകച്ചന്ത തുടങ്ങിയവയിൽ നിന്ന് വ്യാപാരികൾ നേരിട്ടെത്തി സാധനങ്ങൾ എടുക്കുന്നതിനാൽ ചെറുകിട കർഷകർക്ക് വില ലഭിക്കാതെ വരുന്നു.

കർഷകനായ രാജേന്ദ്രന്റെ വാക്കുകൾ.

ഹോർട്ടികോർപ്പും ഉപഭോക്താക്കളെയും,കർഷകരെയും കൈവിടുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമുണ്ടായില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ല