പോൾ മുത്തൂറ്റ് വധം; സഹോദരന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: പോൾ മുത്തൂറ്റ് വധക്കേസിൽ എട്ട് പേരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സഹോദരൻ ജോർജ് മുത്തൂറ്റ് നൽകിയ അപ്പീലിൽ സുപ്രീംകോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. പ്രതികൾക്കെതിരെ ജോർജ് പ്രത്യേകം പ്രത്യേകം നൽകിയ ഹർജികളിൽ ഒരുമിച്ച് വാദം കേൾക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേസിലെ 9 പ്രതികളെ തിരുവനന്തപുരം സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ, മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച് രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ സി.ബി.ഐ അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. തുടർന്നാണ് ജോർജ് നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി ഫൈസൽ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്. കൊലപാതം നടത്തിയത് കാരി സതീഷ് മാത്രമാണെന്ന സാങ്കേതികത്വം കണക്കിലെടുത്താണ് മറ്റ് പ്രതികളെ കുറ്റവിമുക്തരാക്കിയതെന്ന് ജോർജ് ഹർജിയിൽ പറയുന്നു.
2009 ആഗസ്ത് 22ന് രാത്രി നെടുമുടി പൊങ്ങയിൽ വച്ചാണ് മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ പോൾ കൊല്ലപ്പെട്ടത്.