ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്റെ മരണം. ഹോട്ടലുടമകൾ ഒളിവിൽ, അന്വേഷണം വഴിപാട്.

Saturday 07 January 2023 12:14 AM IST

കോട്ടയം . ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്സ് മരിക്കുകയും,​ നിരവധിപ്പേർ ആശുപത്രിയാലാകുകയും ചെയ്ത സംഭവത്തിൽ അന്വേഷണം വഴിമുട്ടി. ഹോട്ടൽ ഉടമകൾ ഒളിവിലാണെന്നും ഫോണിൽ കിട്ടുന്നില്ലെന്നുമുള്ള വിചിത്രവാദമുന്നയിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സംക്രാന്തിയിലെ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടൽ വാടക കരാറിൽ നടത്തുന്നത് മലപ്പുറം സ്വദേശികളായ മൂന്നുപേരാണ്. യുവതിയുടെ മരണത്തെ തുടർന്ന് ഇവർ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിലാണ്. ടവർ ലൊക്കേഷൻ പോലും കണ്ടെത്താൻ സൈബർപൊലീസിന് ഇതുവരെയായിട്ടില്ല.

ഭക്ഷ്യസുരക്ഷാ വകുപ്പ് നിയമമനുസരിച്ച് എന്ത് കുറ്റം ചെയ്താലും പിഴ അടച്ചാൽ മതി. കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളുള്ളൂ. എന്നിട്ടും ഹോട്ടൽ ഉടമകൾ ഒളിവിൽ പോയത് സംശയം ഉയർത്തുന്നു. ഇക്കഴിഞ്ഞ 29 നാണ് കോട്ടയം മെഡിക്കൽ കോളേജാശുപത്രി നഴ്സ് രശ്മിരാജ് ഹോട്ടലിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചത്. ജനുവരി രണ്ടിനായിരുന്നു മരണം. ഛർദ്ദി , വയറിളക്കം, ശ്വാസംമുട്ടൽ എന്നിവ മൂലം ആരോഗ്യസ്ഥിതി വഷളായി മരണമെന്നാണ് എഫ് ഐ ആറിൽ പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കരൾ, വൃക്ക, ശ്വാസകോശം എന്നീ ഭാഗങ്ങളിൽ ഉണ്ടായ അണുബാധയാണ് മരണകാരണമായി പറയുന്നത്. ശരീരസ്രവങ്ങൾ തിരുവനന്തപുരം റീജിയണൽ ലാബിലേക്ക് വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അവിടെയും അണുബാധയ്ക്കപ്പുറം കണ്ടെത്താനാവില്ലെന്നാണ് ആരോഗ്യവകുപ്പ് വിദഗ്ദ്ധർ പറയുന്നത്. ഹോട്ടലിൽ നിന്ന് രശ്മി അൽഫാം പാഴ്സൽ വാങ്ങിയതിന്റെ തെളിവ് പോലും കണ്ടെത്താൻ കഴിയാത്തതിനാൽ ഹോട്ടൽ ഉടമകൾക്ക് കേസിൽ നിന്ന് തലയൂരാനാകും.

വീട്ടുകാർക്ക് വീഴ്ചയെന്ന്.

പ്രാഥമിക ചികിത്സയിൽ രശ്മിയുടെ വീട്ടുകാർക്ക് വീഴ്ച സംഭവിച്ചെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഹോട്ടൽ ഭക്ഷണം കഴിച്ച 29 ന് രാത്രി രശ്മിയ്ക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സഹപ്രവർത്തകർ പ്രവേശിപ്പിച്ചു. എവിടെ നിന്നാണ് ഭക്ഷണം കഴിച്ചതെന്ന് ഡ്യൂട്ടി ഡോക്ടറോട് പറഞ്ഞില്ല. അല്പം ആശ്വസം വന്നതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയി. വൈകിട്ട് വീണ്ടും ഛർദ്ദിയും വയറിളക്കവും ഉണ്ടായതോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭക്ഷ്യവിഷബാധ വിവരം ഒപ്പമെത്തിയവർ ഡ്യൂട്ടി ഡോക്ടറോട് പറഞ്ഞിരുന്നെങ്കിൽ പൊലീസിൽ അറിയിക്കുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.