വനംമന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്.

Saturday 07 January 2023 12:05 AM IST

എരുമേലി . ബഫർസോൺ വിഷയത്തിൽ പ്രാപ്തനല്ലെന്ന് സ്വയം തെളിയിച്ച വനം മന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്‌കൂളിൽ നടന്ന ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയം വഷളാക്കിയത് മന്ത്രി ശശീന്ദ്രനാണ്. വനംവകുപ്പിൽ നടക്കുന്നത് എന്താണെന്ന് മന്ത്രിയ്ക്ക് മനസിലാകുന്നില്ല. കക്ഷി നേതാവ് എന്ന നിലയിൽ തുടരട്ടേ എന്നാണെങ്കിൽ വിശ്രമത്തിനും വിനോദത്തിനും പറ്റിയ വകുപ്പ് നൽകണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. ഡൽഹിയിൽ നൽകിയിരിക്കുന്ന മൂന്ന് ഭൂപടങ്ങളും ഉപഗ്രഹ സർവെ റിപ്പോർട്ടും അബദ്ധ പഞ്ചാംഗങ്ങളാണ്. സർക്കാർ കാട്ടിയ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കേരളത്തിലെ ലക്ഷക്കണക്കിന് കർഷകരെ പ്രയാസപ്പെടുത്തിയ തീരുമാനങ്ങളാണ് സുപ്രീംകോടതി വിധി വന്നത് മുതൽ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണി എം പി അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ പി ജെ സെബാസ്റ്റ്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ടോമി കല്ലാനി, അസീസ് ബഡായിൽ, പി എ സലിം, സജി മഞ്ഞക്കടമ്പിൽ എന്നിവർ സംസാരിച്ചു.