ചൈനയിൽ മാത്രമല്ല ജപ്പാനിലും കൊവിഡ് അതിരൂക്ഷം, ഒറ്റദിവസം 456 മരണം, എക്കാലത്തെയും ഉയർന്ന പ്രതിദിന കണക്ക്, എട്ടാം തരംഗമെന്ന് അധികൃതർ
ടോക്കിയോ : ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ജപ്പാനിലും കൊവിഡ് കേസുകളിൽ വൻകുതിപ്പ്. ഒറ്റദിവസം 456 മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഒരു മാസത്തിനിടെ ആയിരക്കണക്കിന് പേരാണ് കൊവിഡ് മൂലം മരിച്ചത്. വ്യാഴാഴ്ച മുതൽ 24,45,542 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടോക്കിയോയിൽ മാത്രം 20,720 കേസുകൾ റിപ്പോർട്ട് ചെയ്തു.
ഡിസംബറിൽ 7688 കൊവിഡ് മരണങ്ങളാണ് ജപ്പാനിൽ ഉണ്ടായത്. എട്ടാംതരംഗമാണ് ജപ്പാനിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും നവംബർ മുതൽ കൊവിഡ് വ്യാപനം കുത്തനെ വർദ്ധിക്കുകയാണെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കൊവിഡ് മരണങ്ങളുടെ കണക്ക് തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 16 മടങ്ങ് കൂടുതലാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആഗസ്റ്റ് 31 മുതൽ ഡിസംബർ 27 വരെ മരിച്ചവരിൽ 40.8 ശതമാനം പേരും 80ന് മുകളിൽ പ്രായമുള്ളവരാണ്. 9ന് മുകളിൽ പ്രായമുള്ളവർ 34.7 ശതമാനവും 70ന് മുകളിൽ 17 ശതമാനവുമാണ്. മരണനിരക്കിലെ 92.4 ശതമാനവും ഈ മൂന്നുപ്രായക്കാർക്കിടയിൽ പെട്ടവരാണെന്ന് അധികൃതർ പറഞ്ഞു.