വിദഗ്ദ്ധ സമിതികൾ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു

Saturday 07 January 2023 1:59 PM IST

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുടെ പാരിസ്ഥിതിക വശങ്ങൾ സൂക്ഷ്‌മ പരിശോധന നടത്തുന്നതിനായി ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) നിയോഗിച്ച വിദഗ്ദ്ധ സമിതികൾ പദ്ധതി പ്രദേശവും സമീപ തീരങ്ങളും സന്ദർശിച്ചു.രണ്ട് ദിവസമായി നടന്ന സന്ദർശനത്തിൽ തുറമുഖവുമായി ബന്ധപ്പെട്ട് ശാസ്‌ത്ര സാങ്കേതിക സ്ഥാപനങ്ങൾ നടത്തുന്ന പഠനങ്ങളും മത്സ്യ സമ്പത്ത് സംബന്ധിച്ച പഠനങ്ങളും സമിതികൾ വിലയിരുത്തി.മുതിർന്ന ശാസ്‌ത്രജ്ഞർ അടങ്ങിയ ഏഴംഗ വിദഗ്ദ്ധ സമിതിയും സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ ശാസ്‌ത്രജ്‌ഞർ അടങ്ങിയ പത്തംഗ സമിതിയും ആറ് മാസം കൂടുമ്പോൾ നടത്തുന്ന അവലോകനത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.ശംഖുംമുഖം, വലിയതുറ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച സമിതി വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും ചോദിച്ചറിഞ്ഞു.തുറമുഖ പദ്ധതിയും തീരശോഷണവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ പരിഗണിച്ച് വിഷയങ്ങളുടെ നിജസ്ഥിതി പൊതുജനങ്ങൾക്ക് ബോദ്ധ്യപ്പെടുത്താൻ അവതരിപ്പിച്ച ധവളപത്രം വിദഗ്ദ്ധ സമിതികൾ പരിശോധിച്ച് അംഗീകരത്തിനായി സമർപ്പിക്കാൻ സംഘം തീരുമാനിച്ചതായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡി കെ.ഗോപാലകൃഷ്‌ണൻ അറിയിച്ചു.