കൃഷിയിൽ നൂറുമേനി,​ വന്യമൃഗശല്യത്തിൽ നട്ടംതിരിഞ്ഞ് ക‌ർഷകർ

Saturday 07 January 2023 12:22 AM IST

പാലോട്: ജൈവകൃഷിയിലെ വേറിട്ട മാതൃകയിലൂടെയും പ്രവർത്തനങ്ങളിലൂടെയും ജില്ലയിൽ തുടർച്ചയായി ജൈവകൃഷിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഗ്രാമമാണ് നന്ദിയോട്.പെരിങ്ങമ്മല,ആനാട്,നന്ദിയോട് എന്നീ പഞ്ചായത്തുകളിലെ കൃഷിരീതി എടുത്തു പറയേണ്ടതുമാണ്. വാമനപുരം നദിയുടെ ജലസമൃദ്ധിയും വനസസ്യസമ്പത്തുമാണ് ഈ പ്രദേശങ്ങളിലെ മണ്ണിനെയും കൃഷിയെയും പുഷ്ടിപ്പെടുത്തുന്നത്. തനിക്കുളള ഇത്തിരി മണ്ണിൽ വെട്ടാനും കിളയ്ക്കാനും ജനം ശീലിച്ചു. വീട്ടമ്മമാർ,വിദ്യാർത്ഥികൾ,സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ സർവരും ചേ‌ർന്നാണ് കൃഷിയിൽ പുതുചരിത്രം കുറിക്കുന്നത്. സർക്കാർ ഓഫീസുകൾ,ആശുപത്രി പരിസരം,സ്കൂൾ കോളേജ് പുരയിടം എന്നിവയുടെ തരിശുകിടക്കുന്ന പ്രദേശങ്ങളുൾപ്പെടെ പച്ചക്കറി കൃഷിയാണ് നടത്തുന്നത്. കാബേജ്,കത്തിരി,സ്ട്രോബറി,വഴുതന,ചെറുകിഴങ്ങ്,ചീര,അഗസ്തി ചീര,വെണ്ട,ചേന,കപ്പ,ചോളം എന്നിവയോടൊപ്പം കുറ്റിമുല്ലയും,പലയിനം ഓർക്കിഡുകൾ,സൂര്യകാന്തി,മുല്ല,വിവിധയിനം അലങ്കാര പുഷ്പങ്ങൾ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. ഇവർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണിയുമുണ്ട്.

എന്നാൽ വന്യമൃഗശല്യവും ഒട്ടും കുറവല്ല.ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിൽ എത്തുന്നവരും വന്യമൃഗ ആക്രമണത്തിൽ പെടാറുണ്ട്.

പ്രതിസന്ധിയായ് വന്യമൃഗശല്യം

നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം നിയന്ത്രണാതീതമായി തുടരുകയാണ്. സന്ധ്യയായാൽ കൃഷിയിടങ്ങളിൽ കാട്ടുപന്നി,ആന,മ്ലാവ്,കാട്ടുപോത്ത് എന്നിവയുടെ പോക്കുവരവും.കൃഷിയിടത്തിലിറങ്ങുന്ന പന്നിക്കൂട്ടം റബ്ബർ,വാഴ, മരിച്ചീനി പച്ചക്കറികൾ തുടങ്ങി കണ്ണിൽകാണുന്നതെല്ലാം നശിപ്പിച്ചിട്ടേ തിരികെപ്പോകൂ. പുലർച്ചെ റബർ ടാപ്പിംഗിന്

എത്തുന്നവരും സ്കൂൾ വിദ്യാർത്ഥികളുമാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയാകുന്നവരിൽ ഏറെയും. ഭക്ഷണം തേടി നാട്ടിലേക്കെത്തുന്ന വന്യമൃഗങ്ങളുമുണ്ട്.

കാലൻകാവ്,നാഗര,ഓട്ടുപാലം,പച്ച,വട്ടപ്പൻകാട്, കരിമ്പിൻകാല,സെന്റ് മേരീസ്,ഇടവം,പേരയം,ആനകുളം തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിലും പന്നികൾ കൂട്ടത്തോടെ എത്തുന്നതിനാൽ കുട്ടികളും മുതിർന്നവരും ഭയപ്പാടിലാണ്. ഇവിടെ അറവുമാലിന്യം നിക്ഷേപിക്കുന്നത് ഭക്ഷിക്കാൻ കാട്ടുപന്നികളെത്തുന്നതും പതിവാണ്.

നടപടിക്ക് കാലങ്ങളുടെ പഴക്കം

നന്ദിയോട് വിതുര റൂട്ടിൽ നവോദയ സ്കൂളിന് സമീപവും വലിയ താന്നിമൂട് വളവിലും മൈലമൂട് റൂട്ടിലും നാഗരയിലും അറവുമാലിന്യം തള്ളുന്നതിനാൽ പന്നികൾ കൂട്ടത്തോടെയാണ് ഇവിടെയെത്തുന്നത്.പന്നി ശല്യത്തിന് പുറമേ കുരങ്ങുകളും കൃഷി നശിപ്പിക്കുന്നുണ്ട്. അറവുമാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പന്നികളിവിടെ തമ്പടിച്ചത്. പൊതുസ്ഥലങ്ങളിൽ അറവുമാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. പെരിങ്ങമ്മലയിലെ പാടശേഖരത്തിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കൂട്ടമായെത്തി കാട്ടുപന്നികൾ നെൽ കൃഷി നശിപ്പിച്ചു.അൻപതിനായിരത്തോളം രൂപയുടെ കൃഷിനാശമാണ് കർഷകർക്കുണ്ടായത്. 8ഏക്കർ സ്ഥലത്ത് 45കർഷകർ ചേർന്നാണ് നെൽക്കൃഷി ആരംഭിച്ചത്.15ലക്ഷം രൂപ ചെലവഴിച്ച് ഫെൻസിംഗ് നിർമ്മിച്ചിട്ടും പന്നി ശല്യത്തിന് അറുതി വരുത്താനായിട്ടില്ല.

Advertisement
Advertisement