വൈദ്യുതി ബിൽ അടച്ചില്ല;ആദിവാസി കുടുംബങ്ങൾക്ക് ജപ്തി നോട്ടീസ്

Friday 06 January 2023 9:03 PM IST

കൊട്ടിയൂർ: വൈദ്യുതി ബില്ലുകൾ കുടിശ്ശികയായ ആദിവാസി കുടുംബങ്ങൾക്ക് ജപ്തി നോട്ടീസ്.കൊട്ടിയൂർ പഞ്ചായത്തിലെ 35 ലധികം ആദിവാസി കുടുംബങ്ങൾക്കാണ് വൈദ്യുതി വകുപ്പിന്റെ നിർദ്ദേശപ്രകാരം റവന്യു വകുപ്പ് ജപ്തി നോട്ടീസ് നൽകിയിരിക്കുന്നത്. പഞ്ചായത്തിലെ താഴെ പാൽച്ചുരം, മേലെ പാൽച്ചുരം കോളനികളിലെ കുടുംബങ്ങൾക്കാണ് ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്.

വൈദ്യുതി ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് നിലവിൽ ഇവരുടെ കണക്ഷനുകൾ വിച്ഛേദിച്ചിരിക്കുകയാണ്.ഇതിന് പുറമേയാണ് ഇപ്പോൾ ജപ്തി നോട്ടീസ് നൽകിയിരിക്കുന്നത്.2000 രൂപ മുതൽ 12000 രൂപ വരെ കുടിശ്ശികയായ കുടുംബങ്ങൾ കോളനിയിലുണ്ട്.ഇവരിൽ നിന്നും ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാനാണ് വൈദ്യുതി വകുപ്പ് റവന്യു അധികൃതർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.സംഭവത്തിൽ ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് ഇടപെടണമെന്നും ജപ്തി ഭീഷണി നേരിടുന്നവരുടെ പ്രശ്നം പരിഹരിക്കണമെന്നും വാർഡ് മെമ്പർ ഷാജി പൊട്ടയിൽ പറഞ്ഞു.

കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ ആദിവാസി കുടുംബങ്ങൾക്കും ജപ്തി നോട്ടീസ് വന്നിട്ടുണ്ടെന്ന് വില്ലേജ് അധികൃതർ വ്യക്തമാക്കി.നോട്ടീസ് കൈപ്പറ്റിയ കുടുംബങ്ങളാകട്ടെ ഇനി എന്താണ് ചെയ്യേണ്ടതെന്നറിയാതെ വിഷമിക്കുകയാണ്.