ഭക്ഷ്യസുരക്ഷാ റെയ്ഡിന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്

Friday 06 January 2023 9:06 PM IST

തൃശൂർ: സുരക്ഷിത ഭക്ഷണ വിതരണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന തല സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകും. ഇതിന് സംസ്ഥാനത്ത് എവിടെയും പരിശോധന നടത്താനാകുമെന്നും അതാത് സ്ഥലത്തെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ടീമിന്റെ ഭാഗമാകുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

കോട്ടയത്ത് നഴ്‌സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിലാണ് റെയ്ഡ് ശക്തമാക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 545 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. മലപ്പുറത്തും (80) കോഴിക്കോട്ടുമാണ് (59) കൂടുതൽ സ്ഥാപനങ്ങളിൽ റെയ്ഡുണ്ടായത്. ലൈസൻസില്ലാത്ത 18ഉം വൃത്തിഹീനമായ 14ഉം സ്ഥാപനങ്ങൾ അടപ്പിച്ചു.

78 എണ്ണത്തിന് നോട്ടീസ് നൽകി. തൃശൂരിൽ ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 99 സ്ഥാപനങ്ങൾ പരിശോധിച്ചു. 31 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. രണ്ട് സ്ഥാപനങ്ങളിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കി. റെയ്ഡ് രണ്ടാഴ്ച തുടരും.