വി.ജി.രവീന്ദ്രൻ ദേവസ്വം ഭരണസമിതി അംഗമായി ചുമതലയേറ്റു
Friday 06 January 2023 9:09 PM IST
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി എറണാകുളം പൂത്തോട്ട സ്വദേശിയും എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.ജി.രവീന്ദ്രൻ ചുമതലയേറ്റു. ഇന്നലെ രാവിലെ തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം കമ്മിഷണർ ബിജു പ്രഭാകർ സത്യവാചകം ചൊല്ലിക്കൊടുത്തു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ പുതിയ അംഗത്തെ നിയമിച്ചുള്ള സർക്കാർ വിജ്ഞാപനം വായിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ , ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ എന്നിവർ പങ്കെടുത്തു.