പ്രവർത്തനസജ്ജമാകാതെ കുന്നുകുഴിയിലെ അറവുശാല

Saturday 07 January 2023 1:06 AM IST

തിരുവനന്തപുരം: നഗരത്തിൽ അറവുശാലയിലെ മാലിന്യം തള്ളുന്നത് കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച കുന്നുകുഴിയിലെ ആധുനിക അറവുശാല നിർമാണം എങ്ങുമെത്തിയില്ല. അധികൃതരുടെയും നഗരസഭ ഭരണസമിതിയുടെയും ഏകോപനമില്ലായ്മയാണ് നിർമ്മാണം വൈകാൻ കാരണമെന്നാണ് ആക്ഷേപം.

നിർമാണം പൂർത്തിയാക്കാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണ് അധികൃതർ പറയുന്നത്. 2013ലാണ് കുന്നുകുഴിയിൽ പ്രവർത്തിച്ചിരുന്ന അറവുശാല മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അടച്ചുപൂട്ടിയത്. പിന്നീട് നഗരത്തിൽ ആധുനിക അറവുശാലയുടെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ അധികാരികൾ അടച്ചുപൂട്ടിയ അറവുശാല ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ടെൻഡർ ക്ഷണിക്കുകയും കെൽ നിർമ്മാണ ചുമതല ഏറ്റെടുക്കുകയും ചെയ്‌തെങ്കിലും പദ്ധതി മുതൽമുടക്കിന്റെ 50 ശതമാനം അഡ്വാൻസായി ചോദിച്ചതോടെ കോർപ്പറേഷൻ 2019ൽ റീ ടെൻഡർ ചെയ്യുകയായിരുന്നു.

2020 ഫെബ്രുവരിയിൽ വീണ്ടും കെല്ലുമായി തന്നെ ധാരണപത്രം ഒപ്പുവച്ചു. കെൽ ലക്നൗ ആസ്ഥാനമാക്കിയ മറ്റൊരു കമ്പനിക്ക് സബ് കരാർ നൽകി. 10 കോടിയോളം ചെലവ് വരുന്ന പദ്ധതി കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയാകുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നടപ്പായില്ല. നിലവിലുള്ള കെട്ടിടങ്ങൾ നിലനിറുത്തിയായിരിക്കും നവീകരണം. നിർമ്മാണം പൂർത്തിയായാൽ വാട്ടർ കണക്ഷൻ, ശുചിത്വ മിഷന്റെ അംഗീകാരം നേടൽ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം തുടങ്ങിയ നടപടിക്രമങ്ങൾ ബാക്കിയുണ്ട്. നഗരത്തിലെ 250ഓളം അറവുശാലകളിൽ നിന്നായി ദിവസേന 12 മുതൽ 15 ടൺ വരെ മാലിന്യമാണ് നഗരത്തിലുണ്ടാകുന്നത്. ആഴ്ചാവസാനവും ഉത്സവ,ആഘോഷ സീസണുകളിലും ഇത് 25 ടൺ വരെ ഉയരാറുണ്ട്. അറവുമാലിന്യത്തിൽ 50 ശതമാനം കേന്ദ്രീകൃത സംവിധാനത്തിലൂടെ സംസ്‌കരിക്കുന്നുണ്ടെങ്കിലും അനധികൃത അറവുമാലിന്യങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.